Breaking News

അപൂർവ്വങ്ങളായ 42 ഇനം ഫല-പഴ വർഗങ്ങൾ സ്വന്തം കൃഷിയിടത്തിൽ വിളയിച്ച് കോളിച്ചാലിലെ യുവകർഷകൻ വിനോജ് മത്തായി


രാജപുരം:  വിപണിയിൽ കിട്ടുന്ന മിക്ക പഴങ്ങളും പച്ചക്കറികളും സ്വന്തമായി കൃഷി ചെയ്ത് മണ്ണിനെ പൊന്നാക്കുകയാണ്  കോളിച്ചാലിലെ യുവകർഷകൻ വിനോജ് മത്തായി.  ഫലവൃക്ഷങ്ങളും പച്ചക്കറികളും പഴങ്ങളും ഈ കൃഷിയിടത്തിൽ തന്നെ ലഭിക്കും. പറമ്പിലെ പശു ഫാമും കോഴിഫാമും മീൻ വളർത്തലും ഈ യുവാവിനെ പരിപൂർണ കർഷകനാക്കുന്നു. കോളിച്ചാൽ പള്ളിക്ക് സമീപത്തായി താമസിക്കുന്ന വിനോജ് കൃഷി രംഗത്തെ വേറിട്ട വ്യക്തിത്വമാണ്. നേന്ത്രവാഴ കർഷകനായ വിനോജ് രണ്ട് വർഷത്തിനുള്ളിലാണ് വൈവിധ്യ പഴവർഗങ്ങളും പച്ചക്കറികളും കൃഷി ചെയ്ത് ഈ രംഗത്ത് മാതൃകയാകുന്നത്. 90 സെൻറ് സ്ഥലത്താണ് കൃഷി. പ്രായമേറിയ റബർ മരങ്ങൾ വെട്ടിയാണ് പരീക്ഷണാർത്ഥം വ്യത്യസ്ത കൃഷിയിറക്കിയത്. ഇരുന്നൂറിലേറെ നേന്ത്ര വാഴ വിളവെടുത്ത് വീണ്ടും വാഴ നട്ടു.  തെങ്ങും കവുങ്ങും തോട്ടത്തിൽ യഥേഷ്ടമുണ്ട്. ഇതിനുപുറമേ 42 ഇനങ്ങളാണ് വളരുന്നത്. ഇളയച്ഛൻ സൈമണാണ്  കൃഷിയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത്. നേരം പുലരുമ്പോൾ ഭാര്യ മീനയുമൊത്ത്  കൃഷിയിടത്തിലെത്തുക പതിവാണ്. വിനോജിന്  ഇതോടൊപ്പം സ്വകാര്യ മൊബൈൽ ഫോൺ റീചാർജ് കൂപ്പൺ വിതരണ ജോലിയുമുണ്ട്. കൃഷിയിടത്തിലെ ജോലി കഴിഞ്ഞ ശേഷമാണ് ഇതും ചെയ്യുന്നത്. ജൈവകൃഷി രീതി പിന്തുടരുന്ന വിനോജിന് കൃഷി വകുപ്പിൽ നിന്നും ഇതുവരെ  സഹായങ്ങളൊന്നും ലഭിച്ചില്ലെങ്കിലും വിനോദിൻ്റെ  കൃഷി കണ്ട് കൃഷിവകുപ്പ് അദ്ദേഹത്തെ ആദരിക്കുകയാണ്. പഞ്ചായത്ത്  സഹായം ലഭിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി തട്ട് വിരിക്കൽ ജോലി ചെയ്തു കൊടുത്തിരുന്നു. തേക്ക്, കപ്പ,   ചേമ്പ്,കാച്ചിൽ, ചീനിക്കിഴങ്ങ്, ചേന, കൂർക്ക, കോവൽ,ചീര, മുരിങ്ങ,മാവ്, പ്ലാവ്, റംബുട്ടാൻ, നിലക്കടല, മാങ്കോസ്റ്റിൻ, നെല്ലി, മലയാപ്പിൾ, പേര, ആത്ത, അവക്കട, സപ്പോട്ട, ആപ്പിൾ, ചിലിമ്പ,ചാമ്പ, പനിനീർ ചാമ്പ, മുള്ളാത്ത, അമ്പഴം, കടപ്ലാവ്, പപ്പായ, നാരകം, മധുര നാരകം, കരിമ്പ്, മിറാക്കിൾ ഫ്രൂട്ട്, സീതാ പഴം, പുലസാൻ, പൈനാപ്പിൾ, ഫാഷൻ ഫ്രൂട്ട് എന്നിവയൊക്കെയാണ് വിനോജ് കൃഷിചെയ്യുന്നത്. തീറ്റപ്പുൽകൃഷിയും വിനോജിൻ്റെ കൃഷിയിടത്തിന് ഹരിതഭംഗി നൽകുന്നുണ്ട്.

No comments