Breaking News

മലയോരത്ത് മൃഗാശുപത്രികളുടെ പ്രവർത്തനം അവതാളത്തിൽ അത്യാവശ്യ ഘട്ടങ്ങളിൽ വെറ്റിനറി ഡോക്ടർമാരുടെയോ ജീവനക്കാരുടേയോ സേവനം ലഭ്യമല്ലെന്ന് കർഷകരും മൃഗപരിപാലകരും


വെള്ളരിക്കുണ്ട്: കാസർഗോഡ് ജില്ലയിലെ ഒട്ടുമിക്ക മൃഗാശുപത്രികളിലും വെറ്റിനറി ഡോക്ടർമാരുടേയോ ജീവനക്കാരുടേയോ സേവനം മുഴുവൻ സമയവും ലഭ്യമാകാത്തതിനാൽ  ആവശ്യമായ ചികിത്സ കിട്ടാതെ ചത്തൊടുങ്ങുന്ന വളർത്തുമൃഗങ്ങളുടെ എണ്ണം വർദ്ധിക്കുന്നു. പോറ്റിവളർത്തുന്ന മൃഗങ്ങൾ കണ്മുന്നിൽ പിടഞ്ഞു മരിക്കുന്നത് നോക്കിനിൽക്കാൻ ആണ് ഇ മേഖലയിലെ ഒട്ടുമിക്ക കർഷകരുടെയും മൃഗ സ്നേഹികളുടേയും വിധി. ചുരുക്കം ചില കർഷകർക്ക് മാത്രമേ മൃഗശുപത്രിയുടെ സേവനം ലഭിക്കാറുള്ളു, അതും പകൽ സമയങ്ങളിൽ മാത്രം. വൈകുന്നേരത്തിനു ശേഷമാണ് മൃഗങ്ങൾക്ക് അത്യാവശ്യ ചികിത്സ വേണ്ടതെങ്കിൽ ഒരു ഡോക്ടറെ സേവനവും ലഭിക്കാറില്ലെന്ന് മൃഗപരിപാലകരും കർഷകരും പറയുന്നു.


കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടുപരിസരത്തു നിന്ന് വിഷപാമ്പിൻ്റെ കടിയേറ്റ ജർമ്മൻ ഷെപ്പേഡ് ഇനത്തിൽ പെട്ട വളർത്തു നായ തക്ക സമയത്ത് ചികിത്സ കിട്ടാതെ ചത്തിരുന്നു. നായയുടെ ഉടമസ്ഥനായ നീലേശ്വരം പള്ളിക്കരയിലെ അരവിന്ദൻ പാമ്പുകടിയേറ്റ തൻ്റെ അരുമയായ നായയുടെ ജീവൻ രക്ഷിക്കാൻ ഒരുപാട് വെറ്റിനറി ഡോക്ടർമാരെ ബന്ധപ്പെട്ടുവെങ്കിലും നിരാശയായിരുന്നു ഫലം.


മൃഗശുപത്രികളിൽ രാത്രി സേവനം അടക്കമുള്ള മികച്ച സേവനം ലഭിക്കാനുള്ള നടപടികൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ കർഷകകൂട്ടായ്മയായ മണ്ണിന്റെ കാവലാൾ കൂട്ടായ്മ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകാനുള്ള ഒരുക്കത്തിലാണ്.

No comments