Breaking News

ഹരിത കര്‍മ്മസേനയ്ക്ക് പുതിയ ദൗത്യം; 'ടീച്ചറും കുട്ട്യോളും' ജില്ലയില്‍ തനത് പദ്ധതിക്ക് തുടക്കമായി


ഹരിതകേരള മിഷന്‍ ജില്ലയില്‍ ആവിഷ്‌ക്കരിക്കുന്ന തനത് പദ്ധതിക്ക് തുടക്കമായി. ഹരിത കര്‍മസേന പ്രവര്‍ത്തകര്‍ പ്ലാസ്റ്റിക്ക് തരം തിരിക്കല്‍ പ്രക്രിയ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന ടീച്ചറും കുട്ട്യോളും പദ്ധതി അജാനൂര്‍ പഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ന്‍ ഉദ്ഘാടനം ചെയ്തു. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ അധ്യക്ഷയായി. ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം.പി സുബ്രഹ്‌മണ്യന്‍ പദ്ധതി വിശദീകരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, സാഹിത്യകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ പി.വി.കെ പനയാല്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സബീഷ്, ജനപ്രതിനിധികളായ കെ. കൃഷ്ണന്‍ മാസ്റ്റര്‍, കെ. മീന, ഷീബ ഉമ്മര്‍, വി. ഇ.ഒ. എം. സുരേഷ് ബാബു, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ എ.പി. അഭിരാജ് എന്നിവര്‍ സംസാരിച്ചു.

വിദ്യാര്‍ഥികളില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട അവബോധം ഉണ്ടാക്കിയെടുക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ ഇത്തരമൊരു തനതു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.  

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഓരോ വാര്‍ഡിലേയും ഹരിത കര്‍മ്മ സേനാംഗങ്ങള്‍ അതാത് വാര്‍ഡിലെ കുട്ടികള്‍ക്ക് വിവിധ തരത്തിലുളള പ്ലാസ്റ്റിക്കുകളെ പരിചയപ്പെടുത്തുകയും അവ തരംതിരിക്കുന്നതിനുള്ള പരിശീലനം നല്‍കുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരു ഹരിതകര്‍മ്മസേന അംഗം പത്തുകുട്ടികള്‍ക്ക് പരിശീലനം നല്‍കിയാല്‍ ജില്ലയില്‍ പതിനായിരത്തില്‍ അധികം കുട്ടികളെ തരംതിരിക്കല്‍ പ്രക്രിയ പഠിപ്പിക്കുന്നതിന് സാധ്യമാകും എന്നാണ് ഹരിത കേരള മിഷന്റെ കണക്കുകൂട്ടല്‍. ഈ പ്രവര്‍ത്തനം ഹരിതകര്‍മ്മസേനയുടെ വാതില്‍പ്പടി ശേഖരണത്തിനും മുതല്‍ക്കൂട്ടാകും. ഒരോ തദ്ദേശസ്വയംഭരണ സ്ഥാപന തലത്തിലും പഞ്ചായത്ത് തല ഉദ്ഘാടന യോഗങ്ങളും, വാര്‍ഡ് മെമ്പറുടെ സഹായത്തോടെ ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ തരം തിരിക്കല്‍ പരിശീലനവും നല്‍കും.

No comments