Breaking News

ജില്ലയുടെ സ്വന്തം ഓക്സിജൻ പ്ലാന്റ് യാഥാർഥ്യത്തിലേക്ക് ചട്ടഞ്ചാലിലെ വ്യവസായ പാർക്കിൽ ജില്ലാ നിർമിതി കേന്ദ്രം പ്ലാന്റിന്റെ അടിസ്ഥാന നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചതിന് പിന്നാലെ ഇവിടെ സ്ഥാപിക്കാനുള്ള പ്ലാന്റ് എത്തി



പൊതുമേഖലയിലെ ജില്ലയുടെ ഓക്സിജൻ പ്ലാന്റ് യാഥാർഥ്യമാകുന്നു. ചട്ടഞ്ചാലിലെ വ്യവസായ പാർക്കിൽ ജില്ലാ നിർമിതി കേന്ദ്രം പ്ലാന്റിന്റെ അടിസ്ഥാന നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചതിന് പിന്നാലെ ഇവിടെ സ്ഥാപിക്കാനുള്ള പ്ലാന്റ് എത്തി. 1.87 കോടി ചിലവ് വരുന്ന പ്ലാന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാർ, അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥൻ ജില്ലാ വ്യവസായ കേന്ദ്രം മാനജേർ കെ.സജിത് കുമാർ, ഡോ.എ.ടി.മനോജ് തുടങ്ങിയവർ ചേർന്ന് ഏറ്റുവാങ്ങി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ദിവസം 200 സിലിണ്ടർ ഓക്‌സിജൻ ഉൽപാദിപ്പിക്കാൻ സാധിക്കുന്ന പ്ലാന്റ് ആണ് ചട്ടഞ്ചാലിൽ എത്തിയത്. ഭാവിയിൽ വ്യാവസായികാവശ്യങ്ങൾക്ക് കൂടി ഉപയോഗപ്പെടുത്താൻ പറ്റുന്ന തരത്തിലാണ് പ്ലാന്റ് പ്രവർത്തിക്കുക.

ചട്ടഞ്ചാലിലുള്ള വ്യവസായ പാർക്കിലെ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള 50 സെന്റ് സ്ഥലമാണ് പ്ലാന്റിനായി ഉപയോഗപ്പെടുത്തിയത്. കോവിഡിന്റെ രണ്ടാം തരംഗത്തിന് പിന്നാലെയാണ് സമീപഭാവിയിൽ ജില്ലയിൽ ഉണ്ടായേക്കാവുന്ന ഓക്‌സിജൻ പ്രതിസന്ധി മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലയിൽ തന്നെ ഒരു ഓക്‌സിജൻ പ്ലാന്റ് എന്ന ആശയം ജില്ലാ ഭരണ നേതൃത്വം മുന്നോട്ട് വെച്ചത്. ഇതിനായി ഭൂമിക്ക് പുറമെ പ്ലാന്റിനുള്ള 50 ലക്ഷം രൂപയും ജില്ല പഞ്ചായത്ത് നൽകി. ജില്ലയിലെ മുഴുവൻ ഗ്രാമബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും പദ്ധതിക്കായി തുക വകയിരുത്തി. കേരളത്തിന്റെ പുറത്ത് വിവിധ ഭാഗങ്ങളിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിച്ച കൊച്ചി ആസ്ഥാനമായ കെയർ സിസ്റ്റംസാണ് കാസർകോട്ടെ പ്ലാന്റിന്റെ നിർമ്മാണ ചുമതല ഏറ്റെടുത്തത്.

No comments