Breaking News

"വിവേകത്തിലേക്കുളള നടവഴിയാണ് സാഹിത്യം": ചുള്ളിക്കര പ്രതിഭ ലൈബ്രറി&റീഡിംഗ് റൂം സംഘടിപ്പിച്ച കഥാചർച്ചാ വേദി വത്സൻ പിലിക്കോട് ഉദ്ഘാടനം ചെയ്തു


ചുള്ളിക്കര: വിവേകത്തിലേക്ക് നടക്കാനുള്ള സാർത്ഥകമായ വഴിയാണ് സാഹിത്യമെന്ന് പ്രഗൽഭ പ്രഭാഷകൻ ഡോ. വത്സൻ പിലിക്കോട് അഭിപ്രായപ്പെട്ടു. ചുള്ളിക്കര പ്രതിഭ ലൈബ്രറി & റീഡിംഗ് റൂം സംഘടിപ്പിച്ച കഥാ ചർച്ചാ വേദി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനവ പുരോഗതിയുടെ പ്രയാണ വഴികളിൽ കലയും സാഹിത്യവും ചെലുത്തിയ സ്വാധീനം വലുതാണ്. വിശ്വ മാനവീകതയെ ഉയർത്തിപ്പിടിക്കുന്നതിൽ സാഹിത്യം ഇന്നും സമാനതകളില്ലാത്ത പങ്കാണ് വഹിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ എഴുത്തും വായനയും എല്ലാക്കാലത്തും നിലനിൽക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 വായന വിവേകത്തിൻ്റെ അടയാളമാണെന്നും പുറംകാഴ്ചകൾക്കൊപ്പം അകം കാഴ്ചകൾ കൂടി കാണാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാമാരിക്കാലം മനുഷ്യനെ അക്ഷരാർത്ഥത്തിൽ വീട്ടിലിരുത്തിയെങ്കിലും സർഗ്ഗാത്മകത പൂത്തുലഞ്ഞതും ഇക്കാലയളവിലാണെന്ന് പുതു കവിതകളെയും കഥകളെയും ഉദാഹരിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു. യുവ കഥാകൃത്ത് ഗണേശൻ അയറോട്ടിന്റെ  "സ്നേഹപൂർവ്വം", "ചിന്നൂട്ടിയുടെ ബെല്ലിച്ചൻ" എന്നീ കഥകളാണ് ചർച്ച ചെയ്തത്.


നാടക പ്രവർത്തകനും എഴുത്തുകാരനുമായ വിനോദ് ആലന്തട്ട വിഷയാവതരണം നടത്തി.

മെയ്സൺ കളരിക്കൽ ചടങ്ങിൽ മോഡറേറ്ററായി. ബാലചന്ദ്രൻ കൊട്ടോടി, താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി ബി.കെ സുരേഷ്, ബാലകൃഷ്ണൻ മാസ്റ്റർ, വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം  ഗംഗാധരൻ.കെ, യുവ കവയിത്രി വിമല അരീക്കര, കുമാരി വി.ഐശ്വര്യ എന്നിവർ ചർച്ചകളിൽ പങ്കാളികളായി.

എം.ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കഥാകൃത്ത് ഗണേശൻ അയറോട്ട്,  ഷാബു കെ.വി,കെ മോഹനൻ എന്നിവർ പ്രസംഗിച്ചു.

No comments