Breaking News

വയസ്സ് വെറും ഏഴ്, സ്വന്തമാക്കിയത് റെക്കോർഡ് നേട്ടങ്ങൾ; താരമായി കൊച്ചുമിടുക്കി…




റെക്കോർഡ് നേട്ടം സ്വന്തമാക്കി ഏഴു വയസുകാരി. ഒരേ സമയം രണ്ട് കാര്യങ്ങൾ ചെയ്താണ് ഈ കൊച്ചു മിടുക്കി ഹംസിക കലാം ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയിരിക്കുന്നത്. 18 സംസ്കൃത ശ്ലോകങ്ങൾ ജപിച്ച് 15 റുബിക്സ് ക്യൂബുകൾ 7 മിനുട്ട് 14 സെക്കന്റിനുള്ളിൽ ചെയ്ത് കാണിച്ചാണ് ഹംസിക ഈ റെക്കോർഡ് നേട്ടത്തിന് ഉടമയായത്. ആറാം വയസിലാണ് ഹംസികയ്ക്ക് റുബിക്സ് ക്യൂബിനോട് കമ്പം തോന്നുന്നത്. ചെറുപ്പം മുതലേ ഹംസികയുടെ ദിനചര്യയുടെ ഭാഗമായിരുന്നു സംസ്കൃത ശ്ലോകങ്ങൾ ചൊല്ലുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ കൊച്ചുമിടുക്കി രണ്ടിലും പ്രാവീണ്യം നേടി. ഇപ്പോൾ 3 ബൈ 3, 2 ബൈ 2, 4 ബൈ 4, ഫ്ലോപ്പി ക്യൂബ്, ക്ലോക്ക്, ബീഡ് പിരമിക്സ്, കോൺകേവ് ക്യൂബുകൾ, മിറർ ക്യൂബുകൾ, മേപ്പിൾ ലീഫ് എന്നിവയിലെല്ലാം വിദഗ്‌ധയാണ് ഈ ഏഴ് വയസുകാരി.




കുഞ്ഞുനാളിൽ ഒരു കളിപ്പാട്ടമായി വാങ്ങി കൊടുത്തതാണ് റുബിക്സ് ക്യൂബ്. പക്ഷെ അതിനോട് പെട്ടെന്ന് തന്നെ ഇഷ്ടം തോന്നുകയും കൂടുതൽ സമയം അതിൽ ചെലവഴിക്കാനും തുടങ്ങി. പതിയെ ക്യൂബിന്റെ എല്ലാ വകഭേദങ്ങളോടും ഈ ഇഷ്ടം വളരുകയും അത് പരിഹരിക്കാനുള്ള എല്ലാ തന്ത്രങ്ങളും വശത്താക്കുകയും ചെയ്തു ഹംസിക. ഇപ്പോൾ ഈ മേഖലയിൽ വിദഗ്ദയാണ് ഈ കൊച്ചുമിടുക്കി. ഇപ്പോൾ വേഗത്തിൽ തന്നെ ക്യൂബുകൾ പരിഹരിക്കാൻ ഹംസികയ്ക്ക് സാധിക്കും.




ഇതുകൂടാതെ പെയിന്റിങ്ങിലും ഡ്രോയിങ്ങിലുമെല്ലാം മിടുക്കിയാണ് ഈ ഏഴ് വയസുകാരി. ഈ മേഖലകളിലും നിരവധി അവാർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഹംസികയുടെ അടുത്ത ലക്ഷ്യം ഡോക്ടർ എ പി ജെ അബ്ദുൽ കലാമിന്റെ മൊസൈക്ക് പോട്രെയ്റ്റ് ചെയ്യുകയാണ് എന്നതാണ്. അച്ഛൻ പ്രിൻസും അമ്മ രാധികയുമാണ് ഹംസികയ്ക്ക് എല്ലാ പിന്തുണയും നൽകി കൂടെയുള്ളത്. എറണാകുളം സ്വദേശിനിയാണ് ഹംസിക. മുത്തശ്ശിയിൽ നിന്നാണ് ഈ കൊച്ചുമിടുക്കി സംസ്കൃത ശ്ലോകങ്ങൾ പഠിച്ചെടുത്തത്. ആദ്യമൊക്കെ ശ്ലോകങ്ങൾ ചൊല്ലി ക്യൂബുകൾ പരിഹരിക്കുന്നത് വീട്ടുകാർക്ക് കൗതുകമായിരുന്നു. പിന്നീട് അവളുടെ കഴിവ് വളർത്തിയെടുക്കാനുള്ള എല്ലാ പിന്തുണയും നൽകി മകളെ ഇതിൽ വിദഗ്ദയാക്കി. ഇന്ന് കൊച്ചുമിടുക്കി എല്ലാവർക്കും അഭിമാനമാണ്.

No comments