Breaking News

ജോജുവിന്റെ വാഹനം തകർത്ത കേസ് : പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്




സിനിമാ താരം ജോജു ജോർജിന്റെ വാഹനം തകർത്ത കേസിലെ പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. സംഭവസ്ഥലത്തെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത്. ഇവരെ ഉടൻ പിടികൂടുമെന്നാണ് റിപ്പോർട്ട്. 



മുൻ മേയർ ടോണി ചമ്മണി ഉൾപ്പടെ കണ്ടാൽ അറിയാവുന്ന 7 പേർക്കെതിരെയാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്. ജോജുവിന്റെ വാഹനത്തിന് ആറ് ലക്ഷം രൂപ നഷ്ടം വരുത്തിയെന്നും എഫ്‌ഐആറിൽ പറയുന്നു. ജോജുവിന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞുവെന്ന കുറ്റങ്ങളും പൊലീസ് ചുമത്തിയിട്ടുണ്ട്.


ഇന്നലെ രാവിലെയാണ് ഇടപ്പള്ളിവൈറ്റില ദേശീയ പാതയിൽ ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ വഴി തടയൽ സമരം നടത്തിയത്. എന്നാൽ ദേശീയ പാതയിൽ രൂക്ഷമായ ഗതാഗത തടസം നേരിട്ടതോടെയാണ് നടൻ ജോജു ജോർജിന്റെ പ്രവേശനം. കാറിൽ നിന്നിറങ്ങിയ ജോജുവും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. കോൺഗ്രസിനെ നാണം കെടുത്താനുള്ള സമരമാണെന്നും ജനജീവിതം ബുദ്ധിമുട്ടിലാക്കരുതെന്നും ജോജു പറഞ്ഞു. തുടർന്ന് ജോജുവിന്റെ കാർ പ്രതിഷേധക്കാർ അടിച്ചുതകർത്തു.

അതേസമയം, തനിക്കെതിരെ പൊലീസ് കള്ളക്കേസ് എടുത്തെന്ന് ടോണി ചമ്മിണി ആരോപിക്കുന്നു.കള്ളക്കേസിനെ നിയമപരമായി നേരിടുമെന്ന് ടോണി ചമ്മിണി പറഞ്ഞു. കാറിന്റെ ചില്ല് തകർത്തത് കോൺഗ്രസ് പ്രവർത്തകരല്ലെന്നും അദ്ദേഹം പറഞ്ഞു.




സംഭവത്തിൽ പ്രതിഷേധിച്ച് ജോജു ജോർജിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് ഇന്നലെ പ്രതിഷേധ മാർച്ച് നടത്തി. തൃശൂർ മാളയിലെ വീട്ടിലേക്കാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്.

അതേസമയം, ജോജുവിനെതിരായ വനിതാ നേതാക്കളുടെ പരാതിയിൽ വിശദമായി പരിശോധന നടത്തിയ ശേഷം തുടർ നടപടിയുണ്ടാരുമെന്ന് പൊലീസ് വ്യക്തമാക്കി.

No comments