Breaking News

നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മലയാളിക്ക് ഒന്നാം റാങ്ക്




നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മലയാളിയായ കാർത്തിക ജി നായരുൾപ്പെടെ മൂന്ന് പേർക്കാണ് ഒന്നാം റാങ്ക്.





സെപ്റ്റംബർ 12 ന് നടത്തിയ നീറ്റ് യു.ജി പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 16 ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷയെഴുതി. ഇതിൽ നിന്നാണ് മലയാളികൾക്ക് അഭിമാനമായി കാർത്തികയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചത്.


ഡൽഹി, തെലങ്കാന, മഹാരാഷ്ട്ര എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഒന്നാം റാങ്ക് പങ്കിട്ടത്. മഹാരാഷ്ട്രയിൽ നിന്നുള്ള മലയാളിയാണ് കാർത്തിക. തെലങ്കാനയിൽ നിന്നുള്ള മൃണാൽ കുട്ടേരി, ഡൽഹിയിലെ തന്മയ് ഗുപ്ത എന്നിവരാണ് ഒന്നാം റാങ്കിന് അർഹരായ മറ്റ് രണ്ട് കുട്ടികൾ.

നീറ്റ് യു.ജി പരീക്ഷാഫലം പ്രഖ്യാപിക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് സുപ്രിംകോടതി നേരത്തെ അനുമതി നൽകിയിരുന്നു. വീണ്ടും പരീക്ഷ നടത്തണമെന്ന ബോംബെ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു. രണ്ട് വിദ്യാർത്ഥികൾക്ക് വേണ്ടി 16 ലക്ഷം പേരുടെ പരീക്ഷ ഫലം തടഞ്ഞുവയ്ക്കാനാകില്ലെന്ന് ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. പരീക്ഷ ചുമതലയുണ്ടായിരുന്ന വ്യക്തി ഉത്തരക്കടലാസുകൾ കൂട്ടിക്കലർത്തിയെന്നത് അടക്കം രണ്ട് വിദ്യാർത്ഥികളുടെ പരാതി വിശദമായി പിന്നീട് പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് അടക്കം നോട്ടീസ് അയക്കാനും ഉത്തരവിട്ടു. നീറ്റ് യു.ജി പരീക്ഷയിൽ ചോദ്യപേപ്പർ ചോർച്ചയും, ക്രമക്കേടും നടന്നുവെന്ന മറ്റൊരു ഹർജിയിൽ ഇടപെടാൻ നേരത്തെ കോടതി തയാറായിരുന്നില്ല. കോടതി ഇടപെട്ടാൽ പ്രവേശന പരീക്ഷയെ സംബന്ധിച്ച് സംശയങ്ങൾ ഉയരുമെന്നും, വിദ്യാർത്ഥികളെ അത് ഗുരുതരമായി ബാധിക്കുമെന്നുമുള്ള നിലപാടാണ് സുപ്രിംകോടതി സ്വീകരിച്ചത്.

No comments