37 വർഷക്കാലത്തെ സേവനത്തിന് ശേഷം അവസാന ചുമടും ഇറക്കി വച്ച് ചുമട്ടുതൊഴിൽ മേഖലയിൽ നിന്നും പിരിയുകയാണ് വെള്ളരിക്കുണ്ടുകാരുടെ പ്രിയപ്പെട്ട ജോർജ്ജേട്ടൻ
വെള്ളരിക്കുണ്ട്: (www.malayoramflash.com) നീണ്ട മുപ്പത്തിയേഴ് വർഷത്തെ ചുമട്ടുതൊഴിൽ മേഖലയിലെ സേവനത്തിന് ശേഷം ഡിസംബർ 31ന് വിരമിച്ച് വിശ്രമജീവിതത്തിന് ഒരുങ്ങുകയാണ് വെള്ളരിക്കുണ്ടുകാരുടെ പ്രിയപ്പെട്ട ജോർജ്ജേട്ടൻ. സദാ പുഞ്ചിരിച്ച മുഖവുമായി വെള്ളരിക്കുണ്ട് ടൗണിൻ്റെ ഭാഗമായി മാറിയ ജോർജ്ജ് ഒരു നാടിൻ്റെ ചരിത്ര താളുകളിൽ എഴുതി ചേർക്കേണ്ട പേരു തന്നെയാണ്. വെറും നാലോ അഞ്ചോ കടകൾ മാത്രം ഉണ്ടായിരുന്ന വെള്ളരിക്കുണ്ടിൻ്റെ ആദ്യകാലഘട്ടം മുതൽ ജോർജേട്ടൻ ചുമട്ടുതൊഴിൽ രംഗത്തുണ്ട്. വിവിധ തരത്തിലുള്ള ആളുകളെ കണ്ടും പരിചയപ്പെടും അങ്ങനെ പോകുന്നു ആ അനുഭവ സമ്പത്ത്. പണ്ട് വെള്ളരിക്കുണ്ടിൽ മലഞ്ചരക്ക് വ്യാപാരവും അതുപോലെ ഓട്ടോറിക്ഷയും വിരളമായിരുന്നു. ആ കാലഘട്ടത്തിൽ മലയോരത്തെ കർഷകരുടെ കാർഷിക ഉൽപ്പന്നങ്ങൾ വീടുകളിൽ ചെന്ന് തല ചുമടായി ടൗണിൽ എത്തിച്ചിരുന്ന അനുഭവം ജോർജേട്ടൻ ഓർത്തെടുത്തു. മലഞ്ചരക്ക് ഉൽപ്പന്നങ്ങൾ മാത്രമല്ല അരിയും പലവ്യഞ്ജനങ്ങളുമൊക്കെ വെള്ളരിക്കുണ്ടിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും സമീപ പ്രദേശങ്ങളിലെ വീടുകളിലേക്ക് തല ചുമടായി എത്തിച്ചിരുന്നതും ചുമട്ട് തൊഴിലാളികളായിരുന്നു. ആദ്യകാലത്ത് 130 കിലോവരെ വരുന്ന ചാക്കുകളിലായിരുന്നു റേഷൻ അരി അടക്കമുള്ള സാധനങ്ങൾ വന്നിരുന്നത്, അന്നൊക്കെ വലിയ അധ്വാനം വേണ്ടി വന്നിരുന്നുവെന്ന് ജോർജേട്ടൻ പറഞ്ഞു. പിന്നീടത് 75 കിലോ ആയി കുറച്ചു. ഇപ്പോൾ 50 കിലോയുടെ ചാക്കായി നിജപ്പെടുത്തി. 2009ൽ ബോർഡ് വരുന്നതിന് മുമ്പ് എടുക്കുന്ന ചുമടിന് അനുസരിച്ച് നേരിട്ട് കൂലി വാങ്ങുന്ന രീതിയായിരുന്നു. ബോർഡ് വന്നതിന് ശേഷം ആനുകൂല്യങ്ങളും ക്ഷേമനിധിയും മറ്റുമായി ചുമട്ടുതൊഴിലാളികളുടെ ജീവിതം സുരക്ഷിതമാക്കി.
പിന്നെയും ഒരുപാട് അനുഭവങ്ങൾ ജോർജ്ജേട്ടൻ മലയോരംഫ്ലാഷുമായി പങ്കുവച്ചു..
പണ്ടൊക്കെ മഴക്കാലമായാൽ വെള്ളരിക്കുണ്ട് പാലത്തിൽ വെള്ളം കയറുമായിരുന്നു ആ സമയങ്ങളിൽ ജോർജേട്ടനോടൊപ്പം ബെന്നിച്ചേട്ടൻ, ജോസേട്ടൻ, തോമസേട്ടൻ, ഭാസ്ക്കരേട്ടൻ തുടങ്ങിയ ചുമട്ട് തൊഴിലാളികൾ കുത്തിയൊഴുകുന്ന വെള്ളത്തെ വകവെക്കാതെ പാലത്തിന് മുകളിൽ നിരന്ന് നിന്ന് സ്ക്കൂൾ കുട്ടികളെ എടുത്തുയർത്തി രാവിലേയും വൈകിട്ടും പാലം കടത്തിയിരുന്നു. മാത്രമല്ല വെള്ളരിക്കുണ്ടിൽ ആർക്ക് ഏത് ആപത്ത് സംഭവിച്ചാലും ആദ്യം ഓടിയെത്തുന്നത് ചുമട്ട് തൊഴിലാളികളായിരുന്നു.
ജോർജ്ജേട്ടൻ ഐ.എൻ.ടി.യു.സി ട്രേഡ് യൂണിയൻ സംഘടനയിലെ അംഗമാണെങ്കിലും വെള്ളരിക്കുണ്ടിലെ ചുമട്ടുതൊഴിലാളികൾക്കിടയിൽ യാതൊരുവിധ രാഷ്ട്രീയ വേർതിരിവുകളും ഇല്ല എന്നതാണ് യാഥാർത്ഥ്യം.
ആരേയും പിണക്കാതെ എല്ലാവരോടും സ്നേഹത്തോടെ മാത്രം ഇടപെട്ട നീണ്ട 37 വർഷത്തെ വെള്ളരിക്കുണ്ട് ടൗണുമായുള്ള ഹൃദയ ബന്ധത്തിൻ്റെ ഓർമ്മകൾ കൈമുതലാക്കി ഡിസം.31ന് അവസാനത്തെ ലോഡും ഇറക്കിവച്ച് ജോർജ്ജേട്ടൻ ചുമട്ട്തൊഴിൽ ജീവിതത്തിൽ നിന്നും പടിയിറങ്ങുകയാണ്..
🖋️ചന്ദ്രു വെള്ളരിക്കുണ്ട്
No comments