'മുസ്ലീം വ്യക്തിനിയമത്തിലേക്കുള്ള കടന്നുകയറ്റം'; വിവാഹപ്രായം ഉയർത്തുന്നതിനെതിരെ മുസ്ലീംലീഗ്
സ്ത്രീകളുടെ വിവാഹപ്രായം 18 വയസില്‍ നിന്നും 21 ലേക്ക് വര്‍ദ്ധിപ്പിക്കുന്ന വിഷയത്തില്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ മുസ്ലീം ലീഗ്. പാര്‍ലമെന്റിന്റെന്റെ ഇരു സഭകളിലും മുസ്ലീം ലീഗ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി. ലോക്‌സഭയില്‍ ഇടി മുഹമ്മദ് ബഷീര്‍, അബ്ദു സമദ് സമദാനി എന്നിവരാണ് നോട്ടീസ് നല്‍കിയത്. രാജ്യസഭയില്‍ പിവി അബ്ദുല്‍ വഹാബും നോട്ടീസ് നല്‍കി. വിവാഹപ്രായം ഉയര്‍ത്താനുള്ള നീക്കം ദുരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും, തീരുമാനം മുസ്ലീം വ്യക്തിനിയമത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും പിവി അബ്ദുള്‍ വഹാബ് നല്‍കിയ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളുടെ വിവാഹ പ്രായം ഉയര്‍ത്താനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി പിന്തിരിയണം. വിഷയം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും മുസ്ലീം ലീഗ് ആവശ്യപ്പെടുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് സ്ത്രീകളുടെ വിവാഹപ്രായം പുരുഷന്‍മാര്‍ക്ക് സമാനമായി 21 വയസാക്കാന്‍ അനുമതി നല്‍കിയത്. 2020 സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനമായിരുന്നു വിവാഹപ്രായം ഉയര്‍ത്തല്‍. പിന്നാലെ ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം വിവാഹ പ്രായം ഏകീകരിക്കുന്ന നടപടികളുമായി മുന്നോട്ട് പോവാന്‍ അംഗീകാരം നല്‍കുകയുമാണ്. പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ തന്നെ നിയമഭേദഗതി ഉണ്ടായേക്കുമെന്ന സൂചനയാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, സ്ത്രീ പുരുഷ സമത്വം, ജനസംഖ്യാ നിയന്ത്രണം എന്നിവ ലക്ഷ്യമിട്ടാണ് വിവാഹ പ്രായം ഉയര്‍ത്തുക എന്ന നടപടികള്‍ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
No comments