Breaking News

റോഡിൻ്റെ ശോചനീയാവസ്ഥ: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേക്കുള്ള യാത്ര ദുരിതപൂർണ്ണം


 


പനത്തടി: ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തേക്കുള്ള യാത്ര ദുരിതത്തിലായി. പനത്തടി മുതൽ റാണിപുരം വരെയുള്ള റോഡ് നവീകരണ പ്രവൃത്തികൾ ഇഴയുന്നതു കാരണം കാൽനടയാത്ര പോലും ദുസഹമാണ്. മഴക്കാലത്ത് പോലും വേഗത്തിൽ നടന്ന പ്രവൃത്തി ഇപ്പോൾ മന്ദഗതിയിലാണ് നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പനത്തടിയിലും പെരുതടി അംഗൻവാടി കെട്ടിടത്തിനു സമീപം ഉൾപ്പെടെ പലയിടത്തും റോഡ് കിളച്ചിട്ട നിലയിലാണ്. ഇതു വഴിയുള്ള യാത്ര അപകടകരവും ദുരിതപൂർണ്ണവുമാണ്. ഇരുചക്ര വാഹനങ്ങളെയാണ് ഏറെ ബാധിക്കുന്നത്. വാഹനങ്ങളുടെ അറ്റകുറ്റപണികൾ കൂടുന്നതായി ജീപ്പ്, ഓട്ടോ ഡ്രൈവർമാരും പറയുന്നു. റോഡിന്റെ ശോചനീയാവസ്ഥ കാരണം റാണിപുരത്തേക്കുള്ള ടൂറിസ്റ്റുകൾ പനത്തടിയിൽ നിന്നു തിരിച്ചു പോകുന്ന സ്ഥിതിയുമുണ്ട്. ഇതു മൂലം സഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. റാണിപുരത്തെ റിസോർട്ടുകളെയും കാര്യമായി ബാധിച്ചിരിക്കുകയാണ്. റോഡ് പണി എത്രയും വേഗം പൂർത്തീകരിക്കാൻ ഡിപ്പാർട്ടുമെന്റും കരാറുകാരും തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്

No comments