Breaking News

ഒരു നാടിൻ്റെയാകെ കുടിവെള്ള സ്രോതസായ കുന്ന് തകർക്കാനുള്ള ക്വാറി മാഫിയകളുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ നാട്ടുകാർ രംഗത്ത് അമ്പലത്തറ പറക്കളായിലാണ് നാട്ടുകാർ കുന്ന് സംരക്ഷണ സമിതി രൂപീകരിച്ച് പ്രക്ഷോഭ പരിപാടികൾക്ക് ഒരുങ്ങുന്നത്


അമ്പലത്തറ: കോടോംബേളൂർ പറക്കളായി കാലിക്കടവിലെ അമ്പത് ഏക്കറോളം വരുന്ന കുന്നിനെ ഇടിച്ച് നിരത്തി കരിങ്കൽ ഖനനം തുടങ്ങാൻ വൻകിട ക്വാറി മാഫിയ നീക്കം നടത്തുകയാണ്.

ഒരു നാടിൻ്റെ കുടിവെള്ള സ്രോതസായ ഈ കുന്നിൻ്റെ  സംരക്ഷിക്കാൻ നാട്ടുകാർ രംഗത്തുണ്ട്. 

 പറക്കളായി,കാലിക്കടവ്, തോണിക്കല്ല്, ഗതിക്കുണ്ട് , കാനം, ചിറ്റൂർ, പൂതങ്ങാനം, നെക്കിൾത്തടം, മുളവിന്നൂർ, തുടങ്ങിയ പ്രദേശത്തെ നാട്ടുകാരുടെ നേതൃത്വത്തിലാണ്  പറക്കളായി കുന്ന് സംരക്ഷണ സമിതി എന്ന സമര സംഘടന രൂപീകരിച്ച് പ്രക്ഷോഭ പരിപാടികൾക്ക് ഒരുങ്ങുന്നത്. 


കുന്നിൻ്റെ ചുറ്റുമായി ഇരുന്നൂറോളം പട്ടികവർഗ കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഖനനത്തിൻ്റെ ഭാഗമായി കുന്നിടിക്കാൻ തുടങ്ങിയാൽ പാവപ്പെട്ട ആദിവാസി കുടുംബങ്ങളുടെ നിലനിൽപ്പിന് തന്നെ ഭീഷണിയായി മാറും.


പത്ത് വർഷം മുമ്പ് ഈ പ്രദേശത്ത് പ്രവർത്തിച്ചിരുന്ന കരിങ്കൽ ഖനനം നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവിൽ നിർത്തി വച്ചിരുന്നു. പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ ഭൂമി മലപ്പുറത്തെ വൻകിട ഭൂമാഫിയകൾക്ക് കൈമാറി വീണ്ടും ഖനനം നടത്താനുള്ള നീക്കമാണ് നടക്കുന്നത്. 


ഒരു പ്രദേശത്തിൻ്റെ വെള്ളവും ,വായുവും, മണ്ണും സംരക്ഷിക്കുന്ന പറക്കളായി കുന്നിനെ തകർക്കാൻ ഖനന മാഫിയകൾക്ക് വിട്ടുകൊടുക്കില്ലെന്നാണ് സമരസമിതിയുടെ നിലപാട്


അനധികൃതമായി കൈവശം വച്ചിരിക്കുന്ന മുളവന്നൂർ ക്ഷേത്ര ഭൂമി തിരിച്ച് നൽക്കുക, സ്വകാര്യ വ്യക്തി വ്യാജപട്ടയം ഉണ്ടാക്കി കൈവശപ്പെടുത്തിയ ദേവസ്വം ഭൂമി മലപ്പുറം മാഫിയകൾക്ക് മറിച്ചു നൽകാനുള്ള നീക്കത്തിൽ നിന്ന് പിന്മാറുക എന്നീ ആവശ്യങ്ങൾ കൂടി ഉന്നയിച്ചുകൊണ്ട് പറക്കളായി കുന്ന് സംരക്ഷണ സമിതി വരും ദിവസങ്ങളിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രവർത്തകർ അറിയിച്ചു.


സംരക്ഷണ സമിതി പ്രസിഡണ്ട് പ്രേംരാജ് കാലിക്കടവ്, വാർഡ് മെബർ ജ്യോതി രാധാകൃഷണൻ, എം നാരായണൻ, രാമചന്ദ്രൻ നെക്കിൾത്തടം, കെ രാമചന്ദ്രൻ, ബിനു ആലത്തിങ്കൽ, രഞ്ജിത്ത്, പ്രഭാകരൻ, സത്യൻ, നവീഷ് ചിറ്റൂർ, ദിലീശൻ പറക്കളായി, സത്യൻ കാനത്തിൽ, ശ്രീജിത്ത് പറക്കളായി, ഉണ്ണി ബാലകൃഷണൻ തുടങ്ങിയവർ ഭാരവാഹികളായുള്ള പറക്കളായി കുന്ന് സംരക്ഷണ സമിതി തുടർ സമര പരിപാടികൾക്ക് രൂപം നൽകാനുള്ള ഒരുക്കത്തിലാണ്.

No comments