Breaking News

തമിഴ്നാട്ടിൽ അനധികൃത മണൽഖനനം; മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട ബിഷപ്പ് തമിഴ്നാട്ടിൽ അറസ്റ്റിൽ


അനധികൃത മണൽഖനനം നടത്തിയതിന് മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ബിഷപ്പ് സാമുവൽ മാർ ഐറേനിയസ് തമിഴ്നാട്ടിൽ അറസ്റ്റിൽ. തമിഴ്നാട്ടിലെ താമരഭരണി നദിയിൽ നിന്ന് അനധികൃതമായി മണൽ ഖനനം നടത്തിയതിനാണ് അറസ്റ്റ്. ബിഷപ്പിനെ കൂടാതെ വികാരി ജനറൽ ഷാജി തോമസ് മണിക്കുളം പുരോഹിതൻമാരായ ജോർജ് സാമുവൽ, ഷാജി തോമസ് ,ജിജോ ജെയിംസ്, ജോർജ് കവിയൽ എന്നിവരേയും അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ അംബാസമുദ്രത്തിൽ വെച്ച് ക്രൈംബ്രാഞ്ചാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അറസ്റ്റിനിടെ നെഞ്ചുവേദനയനുഭവപ്പെട്ട ബിഷപ്പിനേയും വികാരി ജനറൽ ഷാജി തോമസിനേയും തിരുനെൽവേലി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.നേരത്തെ കേസിൽ പ്രധാന പ്രതിയായ കോട്ടയം സ്വദേശി മാനുവൽ ജോർജ് എന്നയാളേയും അറസ്റ്റ് ചെയ്തിരുന്നു. പത്തനംതിട്ട രൂപതയ്ക്ക് അംബസമുദ്രത്തിലുളള 300 ഏക്കർ സ്ഥലം അറസ്റ്റിലായ മാനുവൽ‌ ജോർജ് കൃഷിക്കായി കരാർ പ്രകാരം ഏറ്റെടുക്കുകയായിരുന്നു. പിന്നീട് ഇയാൾ കൃഷിയുടെ മറവിൽ വൻതോതിൽ മണൽഖനനം നടത്തിയെന്നാണ് ക്രൈബ്രാഞ്ച് നൽകുന്ന വിശദീകരണം.

നേരത്തെ സബ് കളക്ടർ ചേരൻമഹാദേവിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വാണ്ടൽ ഒടൈ ചെക്ക്ഡാമിൽ നിന്നും വൻ തോതിൽ അനധികൃതകമായി മണൽ ഖനനം നടത്തിയെന്ന് കണ്ടെത്തിയിരുന്നു. വാണിജ്യാവശ്യത്തിനായി 27,774 ക്യൂുബിക് മീറ്ററിൽ നിന്നും മണൽ ഖനനം നടത്തിയെന്നായിരുന്നു കണ്ടെത്തൽ. തുടർന്ന് 9.57 കോടി രൂപ മാനുവൽ ജോർജിനെതിരെ പിഴ ചുമത്തുകയും ചെയ്തിരുന്നു.എന്നാൽ മണൽ ഖനനം രൂപതയുടെ അറിവോടെയെല്ലന്നാണ് പത്തനംതിട്ട രൂപത നൽകുന്ന വിശദീകരണം. 40 വർഷമായി രൂപതയുടെ പേരിലുളള ഭൂമി കൃഷിയാവശ്യത്തിനായി കരാർ പ്രകാരം മാനുവൽ ജോർജ് എന്ന വ്യക്തിക്ക് നൽകുകയായിരുന്നു. കൊവിഡ് കാലമായതിനാൽ രൂപതാ അധികൃതർക്ക് സ്ഥലം സന്ദർശിക്കാൻ സാധിച്ചിരുന്നില്ല. പിന്നീട് മാനുവൽ ജോർ‌ജ് കരാർ ലംഘിച്ചതായി അറിഞ്ഞതോടെ അദ്ദേഹത്തെ കരാറിൽ നിന്നും ഒഴിവാക്കനുളള നിയമ നടപടികൾ ആരംഭിച്ചിരുന്നതായും രൂപത അധികൃതർ പറഞ്ഞു. വസ്തുവിന്റെ യഥാർത്ഥ ഉടമസ്ഥരെന്ന നിലയിലാണ് രൂപതാ അധികാരികളെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയതെന്നുമാണ് രൂപത നൽകുന്ന വിശദീകരണം.


No comments