Breaking News

ചെറുപുഴ, പെരിങ്ങോം പോലീസ് സ്റ്റേഷനുകള്‍ക്ക് കരുത്തായി ഫോഴ്‌സ് ഗൂര്‍ഖയും; സംസ്ഥാനത്ത് 44 എണ്ണം


ചെറുപുഴ: കേരളാ പോലീസ് വാഹനനിരയിലേക്ക് ഫോഴ്സിന്റെ കരുത്തൻ മോഡലായ ഗൂർഖയും എത്തുകയാണ്. ചെറുപുഴ, പെരിങ്ങോം പോലീസ് സ്റ്റേഷനുകളുടെ ഉപയോഗത്തിനായി ഓരോ ഫോഴ്സ് ഗൂര്‍ഖ വാഹനങ്ങളാണ് അനുവദിച്ചിരിക്കുന്നത്.കേരളാ പോലീസിന് കരുത്തേകാൻ പുതുതായി 44 ഗൂർഖ എസ്.യു.വിയാണ് എത്തുന്നത്. നിലവിൽ പോലീസ് സേനയിലുള്ള സാധാരണ വാഹനങ്ങൾക്ക് എത്താൻ സാധിക്കാത്ത ദുർഘട പാതകൾ കീഴടക്കാൻ സാധിക്കുന്ന 4x4 സംവിധാനമുള്ള ഗൂർഖകളാണ് പോലീസ് സേനയിൽ എത്തിയിരിക്കുന്നത്.


കേരളത്തിലെ ഹൈറേഞ്ച് പ്രദേശങ്ങളിലും നക്സൽ സാന്നിധ്യമുള്ള മേഖലകളിലേയും ഉപയോഗിത്തിനായാണ് പ്രധാനമായും ഈ വാഹനം എത്തിയിട്ടുള്ളതെന്നാണ് സൂചന. 4x4 സംവിധാനമുള്ള മഹീന്ദ്രയുടെ വാഹനങ്ങൾ മുമ്പും പോലീസ് സേനയിൽ എത്തിയിട്ടുണ്ട്. എന്നാൽ, ആദ്യമായാണ് ഫോഴ്സ് ഗൂർഖ കേരളാ പോലീസിന്റെ ഭാഗമാകുന്നത്. ഗൂർഖയ്ക്ക് പുറമെ, മഹീന്ദ്ര ബൊലേറോയുടെ 72 യൂണിറ്റുകളും പോലീസ് സേനയ്ക്ക് അനുവദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 2021-ന്റെ അവസാന മാസങ്ങളിലാണ് ഗൂർഖയുടെ പുതിയ പതിപ്പ് ഇന്ത്യൻ നിരത്തുകളിൽ എത്തിയത്. 13.59 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. 


മോഡുലാർ ആർകിടെക്ചർ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ ഗുർഖ ഒരുങ്ങിയിട്ടുള്ളത്. എൽ.ഇ.ഡി. ഡി.ആർ.എല്ലും പ്രൊജക്ഷൻ ഹെഡ്ലൈറ്റും നൽകിയാണ് ഹെഡ്ലാമ്പ് ക്ലെസ്റ്റർ ഒരുങ്ങിയിട്ടുള്ളത്. ബോണറ്റിൽ നിന്ന് നീളുന്ന സ്നോർക്കലും മികച്ച സ്റ്റൈലിങ്ങ് നൽകിയിട്ടുള്ള 16 ഇഞ്ച് അലോയി വീലുകളും കരുത്തൻ ഭാവമുള്ള വീൽ ആർച്ചും വലിയ ഗ്ലാസുമാണ് വശങ്ങളുടെ പ്രധാന ആകർഷണം.പുതുതലമുറ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് അകത്തളം ഒരുക്കിയിട്ടുള്ളത്. നാല് ക്യാപ്റ്റൻ സീറ്റുകളാണ് ഇന്റീരിയറിലെ പ്രധാന പ്രത്യേകത. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സംവിധാനങ്ങളുള്ള ഏഴ് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, കെൻവുഡ് സ്റ്റിയറിയോ സിസ്റ്റം, സിംപിളായി ഒരുക്കിയിട്ടുള്ള സ്റ്റിയറിങ്ങ് വീൽ, മാനുവൽ എ.സി, യു.എസ്.ബി. ചാർജിങ്ങ് സോക്കറ്റ് എന്നിവയാണ് ഇന്റീരിയറില മറ്റ് ഫീച്ചറുകൾ.2.6 ലിറ്റർ ഡീസൽ എൻജിനാണ് ഗുർഖയുടെ ഹൃദയം. ഇത് 91 പി.എസ്. പവറും 250 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് ട്രാൻസ്മിഷൻ നിർവഹിക്കുന്നത്. ഫോർ വീൽ ഡ്രൈവ് മോഡലായാണ് ഈ വാഹനം എത്തിയിട്ടുള്ളത്. 4116 എം.എം. നീളം, 1812 എം.എം. വീതി, 2075 എം.എം. ഉയരം, 2400 എം.എം. വീൽബേസ് എന്നിങ്ങനെയാണ് ഈ വാഹനത്തിന്റെ അഴകളവുകൾ.

No comments