Breaking News

വംശനാശഭീഷണി നേരിടുന്ന വെള്ളിമൂങ്ങയെ രക്ഷിച്ച് കുട്ടികൾ വനം വകുപ്പിന് കൈമാറി


തൃക്കരിപ്പൂർ: കാക്കകൾ കൊത്തി പരിക്കേൽപ്പിച്ച വെള്ളിമൂങ്ങയെ പരിചരിച്ച് കുട്ടികൾ വനംവകുപ്പിന് കൈമാറി. ഇടയിലക്കാട്ടെ ഒരുസംഘം കുട്ടികളാണ് വംശനാശഭീഷണി നേരിടുന്ന പക്ഷിയുടെ ജീവൻ രക്ഷിച്ച് മാതൃകയായത്. കളിക്കുകയായിരുന്ന കുട്ടികൾ വെള്ളിമൂങ്ങയെ വീട്ടിനടുത്ത കുറ്റിക്കാടിനടുത്താണ് കണ്ടത്. കാക്കകൾ ആക്രമിച്ച് പരിക്കേറ്റ നിലയിലായിരുന്നു. വീട്ടിലെ ഒരുകൂട്ടിൽ ഭക്ഷണം നൽകി സംരക്ഷിച്ചു. പിന്നീട് രാത്രിസമയത്ത് അതേ കുറ്റിക്കാട്ടിനടുത്ത് പറത്തിവിട്ടെങ്കിലും രാവിലെയായപ്പോൾ അവിടെത്തന്നെ നിൽക്കുന്നതായാണ് കണ്ടത്.


മുതിർന്നവർ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വനംവകുപ്പ് കാഞ്ഞങ്ങാട് റെയ്ഞ്ച് ഓഫീസിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.രാജുവിന് ടി.പി.ശ്രീരാഗ്, വി.ഫിദൽ, വി.നിള, ടി.പി.അനുരാഗ്, കെ.ദേവിക, കെ.സാൻവിയ എന്നീ കുട്ടികളാണ് വെള്ളിമൂങ്ങയെ കൈമാറിയത്.

No comments