Breaking News

'പൊലീസിന്റെ നാക്ക്, കേട്ടാൽ അറപ്പുളവാക്കുന്നതാവരുത്' മുന്നറിയിപ്പുമായി മുഖ്യമന്ത്രി തൃശൂർ കേരള പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 165 സബ് ഇൻസ്‌പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു


സംസ്ഥാനത്തിന് വേണ്ടത് സാംസ്‌കാരിക ഉന്നമനത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പൊലീസ് സേനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തും പറയാനല്ല പൊലീസ് നാക്കെന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ടായിരുന്നു ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ പ്രതികരണം. തൃശൂര്‍ കേരള പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 165 സബ് ഇന്‍സ്‌പെക്ടര്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'എന്തും പറയാനല്ല പൊലീസ് നാക്ക്, വായില്‍ തോന്നുന്നതും കേട്ടാല്‍ അറപ്പ് ഉളവാക്കുന്നതുമായ വാക്കുകള്‍ പറയയുന്നതാവരുത് പൊലീസിന്റെ ഭാഷ. ഇത് തിരിച്ചറിയാന്‍ കഴിയണം. പണ്ട് കാലത്ത് ജനങ്ങളെ അടിച്ചമര്‍ത്താനുള്ള ഉപകരണമായിരുന്നു പൊലീസ്. ഇന്ന് അങ്ങനെയല്ല, പഴയ കാലത്തിന്റെ തികട്ടലുകള്‍ ഒറ്റപ്പെട്ട രീതിയില്‍ എങ്കിലും ഉദ്യോഗസ്ഥര്‍ക്ക് ഇടയില്‍ നിന്നും ഇപ്പോഴും ഉണ്ടാകുന്നു. പൊലീസ് സേനയ്ക്കാണ് ഇത്തരക്കാര്‍ കളങ്കം ഉണ്ടാക്കുന്നത്.' സാംസ്‌കാരിക ഉന്നമനത്തിന് അനുസരിച്ചുള്ള പൊലീസ് സേനയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

കാലം മാറിയെങ്കിലും പൊലീസ് സേനയില്‍ വലിയ മാറ്റം ഉണ്ടായിട്ടില്ല, ഉദ്യോഗസ്ഥര്‍ക്ക് ശരിയായ പരിശീലനം ലഭിച്ചില്ലെങ്കില്‍ സമൂഹത്തിന് തന്നെ വിനയാവുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. പരിശീലനം പൂര്‍ത്തിയാക്കിയ 165 സബ് ഇന്‍സ്‌പെക്ടര്‍മാരുടെ പാസിംഗ് ഔട്ട് പരേഡിനൊപ്പം സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് മുഖേന നിയമിതരായ 123 പോലീസ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡും തൃശ്ശൂര്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ നടന്നു.


No comments