വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള സംഘർഷം: കാഞ്ഞങ്ങാട്-പാണത്തൂർ റൂട്ടിലെ സ്വകാര്യ ബസ്സുകൾ ഇന്നും പണിമുടക്കും
രാജപുരം: ചെറുപനത്തടി സെന്റ്‌മേരീസ് കോളേജ് വിദ്യാർത്ഥികളും സ്വകാര്യ ബസ്സ് ജീവനക്കാരും തമ്മിൽ ദിവസങ്ങളായി നിലനിൽക്കുന്ന സംഘർഷത്തിന് അയവ് വരാത്ത സാഹചര്യത്തിൽ ഈ റൂട്ടിലെ സ്വകാര്യ ബസ്സുകൾ ഇന്ന് പണിമുടക്കുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാതെ പ്രശ്‌നപരിഹാരമില്ലെന്ന് ബസുടമകൾ അറിയിച്ചു.ചെറുപനത്തടി സെയ്ന്റ് മേരീസ് കോളേജിനു മുന്നിലാണ് ചൊവ്വാഴ്ച വൈകുന്നേരം 4.15-ഓടെ വിദ്യാർഥികളും ഡമാസ് ബസിലെ തൊഴിലാളികളും തമ്മിൽ സംഘർഷമുണ്ടായത്. കഴിഞ്ഞദിവസം ബസിൽ കയറുന്നതിനിടെ കോളേജിലെ ഒരു വിദ്യാർഥിനിക്ക് കാലിൽ പരിക്കേറ്റിരുന്നു. വിവരമറിഞ്ഞ് വിദ്യാർഥിനിയുടെ ബന്ധുക്കൾ ഇരിയയിൽവച്ച് ബസ് ജീവനക്കാരെ മർദിച്ചതായി പറയപ്പെടുന്നു. തുടർന്ന് തിങ്കളാഴ്ച വൈകിട്ട് ബസ് തൊഴിലാളികൾ കോളേജ് സ്റ്റോപ്പിലെത്തി വിദ്യാർഥികളെ വെല്ലുവിളിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായി വിദ്യാർഥികൾ പറയുന്നു. ഈ സമയം വിദ്യാർഥികൾ കുറവായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഈ വിഷയം ചോദിക്കാൻ ചെന്ന വിദ്യാർഥികളെ ബസ് ജീവനക്കാർ മർദിക്കാൻ ശ്രമിക്കുകയും വീട്ടിലേക്ക് പോകാൻ അനുവദിക്കാതെ കോളേജിലേക്ക് തന്നെ ഓടിച്ചതായും കോളേജ് അധികൃതർ പറയുന്നു. എന്നാൽ വിദ്യാർഥിനിയുടെ കാലിന് പരിക്കേറ്റതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾ കഴിഞ്ഞദിവസം പോലീസിന്റെ സാന്നിധ്യത്തിൽ ഒത്തുതീർപ്പാക്കിയിരുന്നതായും ചൊവ്വാഴ്ച വീണ്ടും വിദ്യാർഥികൾ ബസ് തടഞ്ഞ് ആക്രമിക്കുകയുമായിരുന്നുവെന്ന് ബസ് തൊഴിലാളികൾ പറയുന്നു. ഇതോടെ ഇതുവഴി സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഒന്നാകെ കോളേജിനു മുന്നിൽ യാത്ര അവസാനിപ്പിച്ച് പണിമുടക്കുകയായിരുന്നു

No comments