മലയോര ഹൈവേ ചെറുപുഴ കോളിച്ചാൽ റീച്ച് നിർമാണ തടസ്സം: സിപിഐഎം നേതൃത്വത്തിൽ കാഞ്ഞങ്ങാടെ കെആർഎഫ്ബി ഓഫീസിലേക്ക് മാർച്ച് നടത്തി
വെള്ളരിക്കുണ്ട്: മലയോര ഹൈവേ ചെറുപുഴ കോളിച്ചാൽ റീച്ച് നിർമാണം പൂർത്തിയാക്കാൻ തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിച്ച് സിപിഐഎം കെആർഎഫ്ബി (കേരള റോഡ് ഫണ്ട് ബോർഡ്) കാഞ്ഞങ്ങാട് ഓഫീസിലേക്ക് മാർച്ച് നടത്തി. ജില്ലാ സെക്രട്ടറിയറ്റ് അംഗം സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം ടി പി തമ്പാൻ അധ്യക്ഷനായി.ഏരിയാ കമ്മിറ്റി അംഗം എം ജി രാമചന്ദ്രൻ, പറമ്പ ലോക്കൽ സെക്രട്ടറി എം സി രാധാകൃഷ്ണൻ, കെ ഡി മോഹനൻ എന്നിവർ സംസാരിച്ചു. മാലോം ലോക്കൽ സെക്രട്ടറി കെ ദിനേശൻ സ്വാഗതം പറഞ്ഞു. 32 കിലോമീറ്റർ ദൂരമുള്ള ചെറുപുഴ കോളിച്ചാൽ റീച്ചിന്റെ 90 ശതമാനം പ്രവർത്തിയും പൂർത്തിയായി. ശേഷിക്കുന്ന കാറ്റാംകവല, മരുതോം ഭാഗങ്ങളിലായി വരുന്ന വനഭാഗത്തെ പ്രവർത്തികളുടെ പണിയാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം തടസ്സപ്പെട്ടത്. പ്രവർത്തി പൂർത്തിയാക്കാൻ എത്ര തുകയും അനുവദിക്കാൻ കിഫ്ബി തയ്യാറാണ് എന്നിരിക്കെ ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകാൻ ബന്ധപ്പെട്ട കെആർഎഫ്ബി ഉദ്യോഗസ്ഥൻ അലംഭാവം കാണിക്കുകയായിരുന്നു. ചുമതലയുള്ള ഉദ്യോഗസ്ഥൻ പച്ചയായ രാഷ്ട്രീയം കളിക്കുന്നതായി നാട്ടുകാർ തന്നെ ആരോപണം ഉന്നയിക്കുന്ന സ്ഥിതിയിലേക്ക് എത്തിയതോടെയാണ് സിപിഐഎം പ്രത്യക്ഷ സമരത്തിന് തയ്യാറായത്. സമരത്തെ തുടർന്ന് എസ്റ്റിമേറ്റ് അടിയന്തിര പ്രാധാന്യത്തോടെ സമർപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും നിർമാണ പ്രവർത്തി വേഗത്തിൽ പൂർത്തിയാക്കാൻ ആവശ്യമായത് ചെയ്യുമെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ സി ജെ കൃഷ്ണൻ നേതാക്കൾക്ക് ഉറപ്പ് നൽകി.

No comments