Breaking News

കാസർകോട്ടെ മാധ്യമ പ്രവർത്തകയുടെ മരണം, ഭർത്താവിനെ തേടി ബംഗളുരു പോലീസ് ശ്രീകണ്ഠപുരത്തെ വീട്ടിലെത്തി



മാധ്യമപ്രവർത്തകയുടെ ആത്മഹത്യയിൽ ആരോപണവിധേയനായ ഭർത്താവിനെത്തേടി ബെംഗളൂരു പോലീസ് ശ്രീകണ്ഠപുരം ചുഴലിയിലെ വീട്ടിലെത്തി. കാസർകോട് വിദ്യാനഗർ സ്വദേശിനിയും റോയ്‌ട്ടേഴ്‌സിലെ സബ് എഡിറ്ററുമായിരുന്ന എൻ. ശ്രുതിയുടെ (36) ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് അനീഷ് കോയാടനെ തേടിയാണ് ബെംഗളൂരു വൈറ്റ്ഫീൽഡ് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. വെങ്കിടേഷ്, സീനിയർ സി.പി.ഒ. യാസിൻ പാഷ എന്നിവരടങ്ങുന്ന അന്വേഷണസംഘമെത്തിയത്.



ബുധനാഴ്ച രാവിലെ ശ്രീകണ്ഠപുരം സി.ഐ. ഇ.പി. സുരേശന്റെയും എ.എസ്.ഐ. വിനോദ്കുമാറിന്റെയും സഹായത്തോടെ അനീഷിന്റെ ചുഴലിയിലെ വീട്ടിലെത്തി. എന്നാൽ വീട് പൂട്ടിക്കിടക്കുകയായിരുന്നു. അയൽവാസികളോട് കാര്യങ്ങൾ തിരക്കിയപ്പോൾ അനീഷിനെക്കുറിച്ച് ഒന്നുമറിയില്ലെന്നും മാതാപിതാക്കൾ ധർമശാലയിലുള്ള മകളുടെ വീട്ടിലാണെന്നുമുള്ള വിവരവുമാണ് ലഭിച്ചത്. തുടർന്ന് ഉച്ചയോടെ പോലീസ് സംഘം ധർമശാലയിലെ വീട്ടിലെത്തിയെങ്കിലും അനീഷിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചില്ല.




മാർച്ച് 20-നാണ് ശ്രുതിയെ ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പിൽ ഭർത്താവ് നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടെന്ന് എഴുതിയിരുന്നു. ഭർതൃപീഡനത്തെത്തുടർന്നാണെന്ന് ശ്രുതി ആത്മഹത്യ ചെയ്തതെന്ന് വീട്ടുകാരും ആരോപിച്ചിരുന്നു. ശ്രുതിയുടെ ശരീരത്തിൽ മർദനത്തിന്റെയും കടിയേറ്റതിന്റെയും പാടുകളുള്ളതായും കണ്ടെത്തി.ഈ സാഹചര്യത്തിലാണ് ഭർത്താവിനെതിരേ ബെംഗളൂരു പോലീസ് ആത്മഹത്യാപ്രേരണക്കുറ്റത്തിന് കേസെടുത്തത്. റോയ്‌ട്ടേഴ്‌സിൽ ഒൻപതുവർഷമായി ജോലി ചെയ്യുന്ന ശ്രുതി മുൻപ്‌ ഇംഗ്ലണ്ടിലും പത്രപ്രവർത്തകയായി പ്രവർത്തിച്ചിരുന്നു. നാലുവർഷം മുൻപാണ് അനീഷുമായുള്ള വിവാഹം നടന്നത്.

No comments