കണ്ണൂർ കല്യാശേരി സ്വദേശിയായ എയർമാർഷൽ ശ്രീകുമാർ പ്രഭാകരൻ പശ്ചിമ വ്യോമസേനാ മേധാവിയായി ചുമതലയേറ്റു
കല്ല്യാശേരി സ്വദേശിയായ എയര്‍മാര്‍ഷല്‍ ശ്രീകുമാര്‍ പ്രഭാകരന്‍ ഭാരതീയ വ്യോമസേനയുടെ ഏറ്റവും കരുത്തുറ്റ കമാന്‍ഡായ പശ്ചിമ വ്യോമസേനാ ആസ്ഥാനത്തിന്‍റെ മേധാവിയായി ചുമതലയേറ്റു.
1983 ഡിസംബര്‍ 22-ന് ഭാരതീയ വ്യോമസേനയില്‍ യുദ്ധവൈമാനികനായി കമ്മീഷന്‍ ചെയ്ത എയര്‍മാര്‍ഷല്‍ ശ്രീകുമാര്‍, നാഷണല്‍ ഡിഫന്‍സ് അക്കാഡമിയില്‍ നിന്നും ബിരുദം കരസ്തമാക്കിയിട്ടുണ്ട്. ന്യൂഡല്‍ഹി നാഷണല്‍ ഡിഫന്‍സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അദ്ദേഹം വെല്ലിങ്ടണ്‍ ഡിഫന്‍സ് സര്‍വ്വീസസ് സ്റ്റാഫ് കോളേജില്‍ നിന്നും ബിരുദം നേടിയിട്ടുണ്ട്.
ഏകദേശം 5000 മണിക്കൂറുകള്‍ ഭാരതീയ വായുസേനയുടെ ഒറ്റ-എന്‍ജിന്‍ യുദ്ധ വിമാനങ്ങളും, പരിശീലന വിമാനങ്ങളും പറപ്പിച്ചിട്ടുള്ള എയര്‍മാര്‍ഷല്‍ വിമാന പരിശീലകനായും (ക്യാറ്റ്-എ) സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അത്യധികം ആദരിക്കപ്പെട്ട സൂര്യകിരണ്‍ എയറോബാറ്റിക് ടീമിന്‍റെ കമാന്‍ഡിങ് ഓഫീസറായി മൂന്ന് വര്‍ഷം സേവനമനുഷ്ഠിച്ച എയര്‍മാര്‍ഷല്‍ സിംഗപ്പൂര്‍, മ്യാന്‍മാര്‍, ബാങ്കോക്ക് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ 150-ല്‍ അധികം അപകടരഹിത പ്രദര്‍ശനങ്ങള്‍ കാഴ്ച്ചവച്ചിട്ടുണ്ട്. ഈ കാലയളവില്‍ സൂര്യകിരണ്‍ എയറോബാറ്റിക് ടീമിന് വ്യോമസേനാ മേധാവിയുടെ യുണിറ്റ് സൈറ്റേഷന്‍ ലഭിച്ചിട്ടുണ്ട്.
രണ്ട് സുപ്രധാന ഫ്ളയിങ് സ്റ്റേഷനുകളുടെ കമാന്‍ഡിങ് ഓഫീസറായി ചുമതല വഹിച്ചിട്ടുള്ള അദ്ദേഹം വെല്ലിംഗ്ടണ്‍ ഡിഫന്‍സ് സര്‍വ്വീസസ് സ്റ്റാഫ് കോളേജില്‍ സിനിയര്‍ ഡയറക്ടിംഗ് സ്റ്റാഫ്, കോളേജ് ഓഫ് വാര്‍ഫെയറിന്‍റെ കമാന്‍ഡന്‍റ്, വ്യോമസേനാ ആസ്ഥാനത്ത് അസിസ്റ്റന്‍റ് ചീഫ് ഓഫ് എയര്‍ സ്റ്റാഫ് (ഇന്‍റലിജന്‍സ്), ഡയറക്ടര്‍ ജനറല്‍ (ഇന്‍സ്പെക്ഷന്‍-സേഫ്റ്റി) എന്നീ പദവികളും വഹിച്ചിട്ടിണ്ട്.
കെയ്റോ, സൈപ്രസ്, ഡിജിബുറ്റി, എത്യോപ്യ, സുഡാന്‍ എന്നിവിടങ്ങളില്‍ അദ്ദേഹം എയര്‍ അറ്റാഷെയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹൈദരാബാദ് വ്യോമസേനാ അക്കാദമി മേധാവിയാകുന്നതിനു മുന്‍പ് അദ്ദേഹം ദക്ഷിണ-പശ്ചിമ കമാന്‍റില്‍ സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫീസറായിരുന്നു.
മികച്ച സേവനത്തിന് അദ്ദേഹത്തിന് ഈ വര്‍ഷം അതിവിശിഷ്ട സേവാ മെഡലും, 2005-ല്‍ വായു സേനാ മെഡലും ലഭിച്ചിട്ടുണ്ട്.കണ്ണൂര്‍ കല്ല്യാശ്ശേരി സ്വദേശികളായ ശ്രീ.സി.സി.പി. നമ്ബ്യാരുടേയും പദ്മിനി നമ്ബ്യാരുടേയും മകനാണ് എയര്‍മാര്‍ഷല്‍ ശ്രീകുമാര്‍ പ്രഭാകരന്‍.
കൊച്ചി സ്വദേശിനിയായ രേഖ പ്രഭാകരന്‍ നമ്ബ്യാറാണ് എയര്‍മാര്‍ഷലിന്‍റെ പത്നി. ആട്ടോമൊബൈല്‍ എഞ്ചിനീയറായ അദ്ദേഹത്തിന്‍റെ മൂത്ത മകന്‍ വരുണ്‍ അറ്റ്ലാന്‍റയില്‍ ഡിസൈനറായി ജോലി ചെയ്യുന്നു, ഇളയ മകന്‍ തനയ് ഇലക്‌ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറാണ്.
No comments