Breaking News

കെഎസ്ആര്‍ടിസി ബസില്‍ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം; പരാതിയില്‍ ഇടപെടാതെ കണ്ടക്ടര്‍; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാര്‍


കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം. കോഴിക്കോട് സ്വദേശിനിയായ അധ്യാപികയാണ് യാത്രക്കാരനില്‍ നിന്ന് മോശം അനുഭവം നേരിട്ടത്. കഴിഞ്ഞദിവസം തിരുവനന്തപുരം- കോഴിക്കോട് ബസില്‍ വച്ചായിരുന്നു സംഭവം.എറണാകുളം പിന്നിട്ട് തൃശൂരിനോട് അടുത്തപ്പോഴാണ് സംഭവം നടന്നതെന്ന് അധ്യാപിക പറഞ്ഞു. ഉറങ്ങി കിടക്കുന്ന സമയത്ത് പിന്നില്‍ ഇരിക്കുകയായിരുന്ന യാത്രക്കാരന്‍ ശരീരത്തില്‍ കടന്നു പിടിക്കുകയായിരുന്നു. പരാതിപ്പെട്ടിട്ടും ബസ് കണ്ടക്ടര്‍ സംഭവത്തെ ഗൗരവമായി എടുത്തില്ലെന്ന് അധ്യാപിക ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞു. തന്റെ സമീപത്തുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ സംഭവത്തില്‍ ഒര് അക്ഷരം പോലും പ്രതികരിച്ചില്ലെന്നും അതിലാണ് തനിക്ക് ഏറെ വിഷമം തോന്നിയതെന്നും അധ്യാപിക പറഞ്ഞു.

സംഭവത്തില്‍ കണ്ടക്ടര്‍ക്കെതിരെ കെഎസ്ആര്‍ടിക്കും പൊലീസിനും പരാതി നല്‍കുമെന്ന് അധ്യാപിക പറഞ്ഞു. സുരക്ഷിതമെന്ന് കരുതിയാണ് രാത്രി യാത്രകള്‍ക്ക് കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്നതെന്നും ആദ്യമായാണ് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നതെന്നും അധ്യാപിക പറഞ്ഞു. സംഭവത്തെക്കുറിച്ച് അധ്യാപികയുടെ വാക്കുകള്‍ ഇങ്ങനെ: ഒരുപാട് ഇടങ്ങളില്‍ തൊടലും തൊണ്ടലും പിടിക്കലും നേരിട്ടിട്ടുണ്ട്, അന്നേരം തന്നെ ഉറക്കെ പ്രതികരിക്കാരാണ് ശീലം.. ചുറ്റുമുള്ള മനുഷ്യര്‍ അത് ഏറ്റെടുത്ത് കട്ടക്ക് കൂടെ നിന്നിട്ടെ ഉള്ളു.. തനിച്ച് യാത്ര ചെയ്യാനുള്ള ധൈര്യവും അത് തന്നെയാണ്.. ഇന്ന് പക്ഷെ ആദ്യമായി ആരും എന്നെ കേട്ടില്ല, എനിക് വേണ്ടി ഒരക്ഷരം മിണ്ടിയില്ല.. അതും നടന്നത് ഞാന്‍ ഏറ്റവും അധികം സ്വന്തമായി കാണുന്ന, സുരക്ഷിതത്വം അനുഭവിച്ചിട്ടുള്ള എന്റെ KSRTC ബസ്സിനുള്ളില്‍. കണ്ടിട്ട് പ്രതികരിക്കാതെ ഇരുന്നതും, ഒടുവില്‍ പരാതി പറഞ്ഞപ്പോള്‍ കയര്‍ത്ത് ബഹളം ഉണ്ടാക്കി, ട്രോമയില്‍ ഇരുന്ന എന്നെ മാനസികമായി തകര്‍ത്തതും ഒരു KSRTC ഉദ്യോഗസ്ഥന്‍ ആണെന്ന് ഓര്‍ക്കുമ്പോള്‍ എനിക് പേടിയാവുന്നു.. പോലീസ് ഇടപെട്ടിട്ടു പോലും താന്‍ ചെയ്തത് തെറ്റാണെന്ന് മനസിലാക്കാതെ, അയാള്‍ ഇവിടെ സീറ്റില്‍ സമാധാനമായി മയങ്ങുന്നത് കാണുമ്പോള്‍ സഹിക്കുന്നില്ല.. എന്റെ കൂടെ നിന്ന് ഒരു വാക്കു മിണ്ടാത്ത ഈ ബസ്സിലെ എന്തിനോ വേണ്ടി ഓടുന്ന, പോലീസ് സ്റ്റേഷനില്‍ പോയാല്‍ സമയം പോകുന്ന പൗരന്മാരെ ഉപദ്രവിക്കാന്‍ താല്പര്യം ഇല്ലാത്തത് കൊണ്ട് തന്നെ, എന്റെ നാട്ടിലെത്തി, വേണ്ട നടപടികളിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നത്...ദയവായി പറയട്ടെ...നിങ്ങളുടെ മുന്നില്‍ ഒരു സ്ത്രീ ഉപദ്രവിക്കപ്പെട്ടു കരയുമ്പോള്‍ കാണാത്ത പോലെ ഇരിക്കരുത്, അവളെ കുറ്റപ്പെടുത്തരുത്, അവളോട് കയര്‍ക്കരുത്...താങ്ങാന്‍ ആവില്ല അത്...ഞാന്‍ ഇപ്പോള്‍ OK ആണ്, ഉപദ്രവിക്കപ്പെട്ടതില്‍ ഉള്ള വേദന ഒക്കെ അയാളോട് പ്രതികരിച്ചപ്പോഴേ പോയിട്ടുണ്ട്.. പക്ഷെ ഇത്രേം നേരമായിട്ടും, സംഭവം കഴിഞ്ഞു 3 മണിക്കൂര്‍ ആയിട്ടും ആ KSRTC ഉദ്യോഗസ്ഥനായ മനുഷ്യന് എന്നോട് വന്ന് ഒരു നല്ല വാക്ക് പറയാന്‍ തോന്നുന്നില്ലല്ലോ.. എന്നത് എന്നെ പിന്നെയും പിന്നെയും ഭയപ്പെടുത്തുന്നു, വേദനിപ്പിക്കുന്നു.. എന്തിനാ അത്രേം മണ്ടത്തിയായി പ്രതീക്ഷിക്കുന്നത് എന്ന് ചോദിക്കരുത്, ഞാന്‍ ഇങ്ങനെയാ, ഇത്രേം മനുഷ്യത്വം ഇല്ലാത്തവരെ എനിക് ഉള്‍കൊള്ളാന്‍ പറ്റുന്നില്ല..ഇനി പഴയ പോലെ, KSRTC മാസ്സാണ്, ഡ്രൈവര്‍ ഏട്ടന്മാരൊക്കെ നമ്മളെ അനിയത്തിമാരെയും മക്കളെയും പോലെ നോക്കും എന്ന ധൈര്യത്തില്‍ രാത്രി ഇങ്ങനെ ബസ്സില്‍ കയറി വരാന്‍ പറ്റുമോന്നറീല്ല!

No comments