Breaking News

ശസ്ത്രക്രിയ വിജയകരം: ചുള്ളിക്കരയുടെ 'മുത്തുമണി' സുഖം പ്രാപിച്ച് തിരിച്ച് വരാനൊരുങ്ങുന്നു


ചുള്ളിക്കര: (www.malayoramflash.com) ചുള്ളിക്കരയിലെ മൃഗ സ്നേഹികളുടെ കരുതലിൽ മുത്തുമണി എന്ന നായക്ക് പുനർജന്മം. വയറിൽ ട്യൂമർ ബാധിച്ച് അവശനിലയിലായ നായയെ രക്ഷിക്കാൻ നാട്ടുകാരായ മൃഗ സ്നേഹികൾ മുൻകൈ എടുത്ത വാർത്ത ആഴ്ച്ചകൾക്ക് മുമ്പ് മലയോരം ഫ്ലാഷ് റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾവെറ്ററിനറി ഡോക്ടർമാരുടെ സ്‌നേഹ പരിപാലനത്തിൽ ‘മുത്തുമണി’ സുഖം പ്രാപിച്ച് വരുന്നു. ജൂൺ 17നാണ്  മുത്തുമണി എന്ന തെരുവ് നായക്ക്‌ പ്രധാന  ശസ്‌ത്രക്രിയ നടത്തി തൃക്കരിപ്പൂരിലെ വെറ്ററിനറി കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. അന്ന്‌മുതൽ അവിടെയുള്ള ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിയുന്ന നായ എട്ട്‌ ദിവസം പിന്നിട്ടതോടെ സുഖംപ്രാപിച്ചു. ശസ്‌ത്രക്രിയയുടെ  ക്ഷീണം മാറിയാൽ  നായയെ ചുള്ളിക്കരയിലെ നാട്ടുകാർക്ക്  വിട്ടുകൊടുക്കാനുള്ള ഒരുക്കത്തിലാണ് ഡോക്ടർമാർ.

ചുള്ളിക്കര ടൗണിൽ മാസങ്ങളായി വയറ്റിൽ ട്യൂമർ ബാധിച്ച് മരണത്തോട് മല്ലടിച്ച മുത്തുമണിക്ക്‌   ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും നാട്ടുകാരുടെയും ഇടപെടലിലൂടെയാണ്‌  ചികിത്സ ഒരുക്കിയത്‌. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബിയോട് നാട്ടുകാർ നായയുടെ അവസ്ഥ അറിയിച്ചതിനെ തുടർന്ന് ചികിത്സ ഒരുക്കാൻ നിർദേശിച്ചിരുന്നു. തൃക്കരിപ്പൂരിൽ വെറ്ററിനറി കേന്ദ്രത്തിലെത്തിച്ച്‌ ജില്ലാ സീനിയർ സർജൻ ഡോ. മുരളിയുടെ മേൽനോട്ടത്തിൽ  വെറ്ററിനറി സർജൻ ഡോ. ഫാബിൻ ശസ്‌ത്രക്രിയ ചെയ്‌ത്‌ അഞ്ച് കിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തു. (മലയോരം ഫ്ലാഷ്)

No comments