Breaking News

എളേരിത്തട്ട് ഇ കെ.നായനാർ സ്മാരക ഗവ.കോളജിന്റെ മുഖം മാറുന്നു വിപുലീകരിച്ച ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം ഇന്ന്


എളേരിത്തട്ട്: ജില്ലയുടെ മലയോരമേഖലയിലെ  വിദ്യാഭ്യാസ രംഗത്തെ അഭിമാനമായ എളേരിത്തട്ട് ഇകെ നായനാർ സ്മാരക ഗവൺമെന്റ് കോളജിന്റെ  മുഖം മാറുന്നു. കോളജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി വിവിധ  നിർമാണ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.  ആറോളം നിർമാണ പ്രവർത്തനങ്ങളാണ് കോളജിൽ നിലവിൽ നടക്കുന്നത്. അടിസ്ഥാന സൗകര്യവികസനത്തിനും അക്കാദമിക നിലവാരം ഉയർത്തുന്നതിനും, കോളജ് സൗന്ദര്യവത്കരിക്കുന്നതിനുമായി വിവിധ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. 


കോളജിന്റെ വിപുലീകരിച്ച ലേഡീസ് ഹോസ്റ്റലിന്റെ മൂന്നാം നിലയുടെ ഉദ്ഘാടനം ഇന്ന് ( ജൂൺ 13) നടക്കും. 

ഉച്ചയ്ക്ക് രണ്ടിന് എം. രാജഗോപാലൻ എം എൽ എ  ഉദ്ഘാടനം നിർവഹിക്കും. 

ഇതര ജില്ലകളിൽ നിന്നടക്കം ഉന്നത വിദ്യാഭ്യാസത്തിന് എത്തിച്ചേരുന്ന വിദ്യാർഥികൾക്ക് ആവശ്യമായ താമസസൗകര്യം ലഭ്യമല്ലായിരുന്നത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. അതേത്തുടർന്നാണ് നിലവിലെ രണ്ടുനില ഹോസ്റ്റലിൽ മറ്റൊരു നില കൂടി അനുവദിച്ചുകൊണ്ട് സംസ്ഥാന സർക്കാർ പണം അനുവദിച്ചത്. ഹോസ്റ്റൽ വിപുലീകരിക്കുന്നതോടെ ഈ പ്രശ്നത്തിനു പരിഹാരമാകുകയാണ്.

ഇതിനു പുറമെ നവീകരിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് , ശുചിമുറി ബ്ലോക്ക് , നവീകരിച്ച ഓഡിറ്റോറിയം എന്നിവയുടെ ഉദ്ഘാടനം  ഉന്നത വിദ്യാഭ്യാസ - സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചിരുന്നു. ക്യാംപസ് റോഡ്, കൊമേഴ്സ് ബ്ലോക്ക്, ഇക്കണോമിക്സ് ബ്ലോക്ക് എന്നിവയുടെ നിർമ്മാണം അതിവേഗം പൂർത്തീകരിച്ചു വരുന്നു. കൂടാതെ പുതിയ ലൈബ്രറി കോപ്ലക്സ്, സയൻസ് ബ്ലോക്ക് വിപുലീകരണം എന്നിവക്കായി കിഫ്ബിയിൽ നിന്നും ഏഴര കോടിയോളം രൂപ അനുവദിച്ചിട്ടുണ്ട്. 

കായിക വകുപ്പ്, എംഎൽഎ ഫണ്ട് എന്നിവയിൽ നിന്നുള്ള സഹായം ഉപയോഗിച്ച് 22 ലക്ഷം രൂപ മുടക്കിൽ ഓപ്പൺ ഫിറ്റ്നെസ് സെന്ററും അനുവദിക്കപ്പെട്ടിരുക്കുന്നു

ഉന്നത വിദ്യാഭ്യസ രംഗത്തും മലയോര മേഖലയുടെ സത്വര വളർച്ചയ്ക്ക് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾ കോളജ് നടത്തിവരുന്നു.

ഉദ്ഘാടന ചടങ്ങിൽ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മോഹനൻ അധ്യക്ഷത വഹിക്കും. വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

No comments