Breaking News

എണ്ണപ്പാറ -മലയാറ്റുകര ആദിവാസി ഊരിലേക്കുള്ള റോഡിന് അവഗണന: ഊരു നിവാസികൾ 23 ന് പഞ്ചായത്ത് ഓഫീസ് ഉപരോധിക്കും


രാജപുരം: കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡിൽ എണ്ണപ്പാറ -മലയാറ്റുകര ഊരിലെ നൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ് നിർമ്മാണം ഉടൻ തുടങ്ങണമെന്നാവശ്യപ്പെട്ട് ആദിവാസികൾ പഞ്ചായത്ത് തൊഴിലുറപ്പ് ഓഫീസ് ഉപരോധിക്കുന്നു.

കഴിഞ്ഞ ഭരണ സമിതിയുടെ കാലത്തു തന്നെ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തി റോഡ് നടപ്പാത കോൺക്രീറ്റ് ടെൻഡർ നടപടികൾ പൂർത്തീകരിച്ചെങ്കിലും നിർമ്മാണം തുടങ്ങിയില്ല. തുടർന്ന് റീ ടെൻഡർ വയ്ക്കുകയും ആദ്യം ടെൻഡർ എടുത്ത അതേ വ്യക്തി തന്നെ ടെൻഡർ എടുക്കുകയും ചെയ്തു. ഊരിലേക്കുള്ള ഈ റോഡ് പൂർണ്ണമായും തകർന്ന്, കിടപ്പു രോഗികളേയടക്കം കസേരയിലിരുത്തി മെയിൽ റോഡിലെത്തിച്ച് ആശുപത്രിയിൽ എത്തിക്കേണ്ട അവസ്ഥ സംജാതമായതിനാലാണ് സമരത്തിനിറങ്ങേണ്ടിവന്നതെന്ന് ഊരുതല യോഗത്തിൽ വിലയിരുത്തി.       


ഊരിനോടു കാണിക്കുന്ന അവഗണയുടെ ഭാഗമാണ് റോഡ് നിർമ്മാണം പൂർത്തിയാക്കാൻ വൈകുന്നത്. എത്രയും വേഗം റോഡ് നിർമ്മാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് ജൂൺ 23 വ്യാഴാഴ്ച രാവിലെ മുതൽ ഉപരോധ സമരം നടത്താനാണ് തീരുമാനം.

 യോഗത്തിൽ ഊരുമൂപ്പൻ രമേശൻ മലയാറ്റുകര അദ്ധ്യക്ഷത വഹിച്ചു. എം.കുമാരൻ , എൻ.ശ്രീജിത്, രാഘവൻ , പി.മാധവൻ, സരിത മനോജ്, സുമ രാജൻ, പ്രിയേഷ് കുമാർ, ബിന്ദുബാബു തുടങ്ങിയവര് സംസാരിച്ചു.

No comments