Breaking News

മനുഷ്യാവകാശ കമ്മീഷൻ അദാലത്ത്; ജില്ലയിൽ 28 കേസുകൾ പരിഗണിച്ചു. 4 കേസുകൾ തീർപ്പാക്കി


സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം ബൈജുനാഥ് കാസർകോട് ഗവ. ഗസ്റ്റ് ഹൗസിൽ നടത്തിയ അദാലത്തിൽ  28 കേസുകൾ പരിഗണിച്ചു. 4 കേസുകൾ തീർപ്പാക്കി. ബാക്കിയുള്ളവ തുടർ നടപടികൾക്കായും കൂടുതൽ അന്വേഷണത്തിനായും മാറ്റിവെച്ചു. എൻഡോസൾഫാൻ ദുരിതബാധിതരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി 4 പരാതികൾ മനുഷ്യാവകാശ കമ്മീഷന് ലഭിച്ചു. എഡോസൾഫാൻ ദുരിതമനുഭവിക്കുന്ന കുട്ടികൾ എഡോസൾഫാൻ ലിസ്റ്റിൽ ഉൾപ്പെടാൻ അർഹരാണങ്കിൽ അത് ലഭ്യമാക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം ബൈജുനാഥ് പറഞ്ഞു. അതിനായി മെഡിക്കൽ ക്യാമ്പിൽ പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട പരാതികളായിരുന്നു കൂടുതൽ.  സത്യസായി ഓർഫനേജ് ട്രസ്റ്റ് ജില്ലയിൽ കെട്ടി നൽകിയ വീടുകൾ ഇനിയും കൈമാറാത്തതിനാൽ   കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.  ചെറുവത്തൂർ മയിച്ചയിലെ വയൽക്കര അമ്പലത്തിനടുത്ത് അടിപാതയിൽ വെള്ളം കെട്ടി കിടന്ന് ജനങ്ങൾക്ക് ദുരിതം ഉണ്ടാക്കുന്നതായി കമ്മീഷന് ലഭിച്ച പരാതിയിൽ  റെയിൽവേക്ക് കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു. സ്വത്ത് തർക്കങ്ങൾ, ബാങ്ക് സംബന്ധിച്ച പരാതികൾ, പട്ടയ ഭൂമി സംബന്ധിച്ച പരാതികൾ, വ്യക്തി പ്രശ്നങ്ങൾ തുടങ്ങിയവയും കമ്മീഷന്  ലഭിച്ചു. ചെറുവത്തൂരിലെ ഹോട്ടലിൽ നിന്നും ഷവർമ്മ കഴിച്ച് ഭക്ഷ വിഷബാധയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ നേരിട്ടെടുത്ത പരാതിയിൽ നടപടിയെടുത്തിട്ടുണ്ടെന്ന റിപ്പോർട്ട് കമ്മീഷന് ലഭിച്ചു.

 ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെയിരിക്കാൻ ഭക്ഷ്യസുരക്ഷാ വിഭാഗം കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

No comments