Breaking News

ഇരിയയിൽ സിനിമാ സ്റ്റൈൽ ഗുണ്ടാ അക്രമം ഒമ്നി വാനിലെത്തിയ സംഘം ജ്വല്ലറി ഉടമയെ ബൈക്കിടിച്ച് വീഴ്ത്തി കൊള്ളയടിക്കാൻ ശ്രമം


ഇരിയ :  ജ്വല്ലറി അടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന ജ്വല്ലറി ഉടമയെ ഓമ്നി വാനിൽ എത്തിയ മൂന്നംഗസംഘം ഇടിച്ചു തെറിപ്പിച്ച ശേഷം ഒന്നര ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം. പോലീസ് പിന്തുടരുന്നത് അറിഞ്ഞ അക്രമിസംഘം വാഹനം ഉപേക്ഷിച്ച് കാട്ടിലേക്ക് ഓടിമറഞ്ഞു. കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിൽ ഇരിയ ബംഗ്ലാവിന് അടുത്ത് ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ചുള്ളിക്കരയിലെ പവിത്ര ഗോൾഡ് ഉടമ ഇരിയ സ്വദേശി ബാലചന്ദ്രനെയാണ് (43) വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒന്നര ലക്ഷം രൂപ അടങ്ങിയ ബാഗ് തട്ടാൻ ശ്രമം ഉണ്ടായത്. കടയടച്ച് ചുള്ളിക്കരയിൽ നിന്നും ഇരിയയിലെ വീട്ടിലേക്ക് സ്വന്തം മോട്ടോർ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു ബാലചന്ദ്രൻ. പിന്നാലെ വന്ന കർണാടക റജിസ്ട്രേഷനുള്ള ഓമ്നി വാൻ പിന്നിൽനിന്നും ബാലചന്ദ്രന്റെ മോട്ടോർ ബൈക്കിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്നും ബാലചന്ദ്രൻ റോഡിലേക്ക് തെറിച്ചുവീണു. ബാലചന്ദ്രൻ നിലവിളിച്ചതോടെ സമീപവാസികൾ ഓടിക്കൂടുകയും ഇതിനിടയിൽ അക്രമിസംഘം വാനിൽ കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഓടിച്ചു പോവുകയും ചെയ്തു. വിവരം അറിഞ്ഞ ഉടൻ അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിൽ പോലീസ് സംഘം സംഭവസ്ഥലത്തേക്ക് കുതിച്ചു. പോലീസ് പിന്തുടരുന്നത് അറിഞ്ഞ സംഘം ഓമ്നി വാൻ അമ്പലത്തറ പേരൂർ വളവിൽ ഉപേക്ഷിച്ചു തൊട്ടടുത്ത നിബിഡമായ പാറപുറത്തുള്ള കാട്ടിലേക്ക് ഓടി മറിയുകയായിരുന്നു. രാത്രി ഏറെ വൈകിയതിനാൽ പുറം കാടുകളിൽ പോലീസ് തിരച്ചിൽ നടത്തിയെങ്കിലും ഉൾ കാടുകളിലേക്ക് കയറാനായില്ല. അക്രമി സംഘത്തിന്റെ വാഹനം അമ്പലത്തറ പോലീസ് കസ്റ്റഡിയിലാണ് പരിക്കേറ്റ ബാലചന്ദ്രൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്. അമ്പലത്തറ പോലിസ് തിരച്ചിൽ തുടരുന്നു വാഹനത്തിന്റെ നമ്പർ വ്യക്തമല്ല.

No comments