Breaking News

'വിദ്യാർത്ഥിനിയുടെ പിതാവിനെ കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ചിട്ടില്ല'; സിഐടിയു


തിരുവനന്തപുരം: കാട്ടാക്കടയിൽ വിദ്യാർത്ഥിനിയുടെ ബസ് കൺസെഷൻ പുതുക്കി നൽകാൻ ആവശ്യപ്പെട്ട രക്ഷിതാവിനെ കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ചിട്ടില്ലെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദൻ. വിദ്യാർത്ഥിയുടെ പിതാവിനെ വിശ്രമമുറിയിലേക്ക് കൊണ്ടുപോയത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ജീവനക്കാരന്റെ ട്രാന്‍സ്ഫറിന് സംഭവവുമായി ബന്ധമില്ലെന്നും ആനത്തലവട്ടം പ്രതികരിച്ചു.

'ട്രാൻസ്ഫർ വാങ്ങിയ ജീവനക്കാരൻ ഇപ്പോൾ പ്രതികരിക്കാത്തത് ജീവന് പേടിയുള്ളത് കൊണ്ടല്ല. ഒരു തൊഴിലാളി തെറ്റ് ചെയ്താല്‍ മാനേജ്‌മെന്റിനോട് പരാതിപ്പെടാം എന്നാല്‍ അത് ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് ശരിയല്ല. വിശ്രമമുറിയിലേക്ക് കൊണ്ടുപോയത് തെറ്റാണ്. പൊലീസിനെ വിളിച്ചപ്പോള്‍ പരാതിക്കാര്‍ പോകാനാണ് ശ്രമിച്ചത്. അത് കൊണ്ടാണ് അവര്‍ വിശ്രമമറിയിലേക്ക് കൊണ്ടുപോയത്. ജീവനക്കാരും രക്ഷിതാവും തമ്മിൽ ഉന്തും തള്ളും ഉണ്ടായി എന്നാല്‍ ക്രൂരമായ മര്‍ദ്ദനം ഉണ്ടായെന്ന് പറയുന്ന വീഡിയോ ഇല്ല. ജീവനക്കാരോട് പ്രേമന്‍ പ്രതികരിച്ച രീതി കൂടി നോക്കണം.' ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.

ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ഡ്രൈവർ വി കെ ശ്രീജിത്താണ് ട്രാൻസ്ഫറിനെ തുടർന്ന് സ്വന്തം സ്ഥലമായ കോഴിക്കോട്ടേക്ക് പോയത്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ശ്രീജിത്തിനെതിരെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ രംഗത്തെത്തിയിരുന്നു. മകളുടെ മുന്നില്‍ വെച്ചാണോ തല്ലുന്നതെന്ന് ശ്രീജിത്ത് വീഡിയോയില്‍ ചോദിക്കുന്നത് കേള്‍ക്കാം.മകളുടെ ബസ് കണ്‍സഷന്‍ പുതുക്കാനെത്തിയ ആമച്ചല്‍ സ്വദേശി പ്രേമനെയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദിച്ചത്.സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡിപ്പോ ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. മര്‍ദ്ദനമേറ്റ മകള്‍ രേഷ്മയുടേയും സുഹൃത്ത് അഖിലയുടേയും മൊഴിയുടെ അടിസ്ഥാനത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. സംഭവത്തിന് പിന്നാലെ ക്ഷമാപണവുമായി കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ രംഗത്തെത്തിയിരുന്നു.


No comments