Breaking News

ഉത്രാടത്തില്‍ ബമ്പര്‍ മദ്യവില്‍പ്പന; ഒറ്റ ദിവസം വിറ്റത് 117 കോടി രൂപയുടെ മദ്യം


തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്രാടത്തിന് റെക്കോര്‍ഡ് മദ്യ വില്‍പ്പന. ഉത്രാട ദിനത്തില്‍ മാത്രം 117 കോടി രൂപയുടെ മദ്യമാണ് ബെവ്‌റേജസ് കോര്‍പറേഷന്‍ വഴി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന് 85 കോടിയുടെ മദ്യമായിരുന്നു വിറ്റത്. രണ്ട് വര്‍ഷത്തിന് ശേഷം ഓണം ആഘോഷിക്കുമ്പോള്‍ 32 കോടി രൂപയുടെ അധികവരുമാനമാണ് മദ്യവില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. ഓണം സീസണിലെ മൊത്തം വിപണനത്തിലും ഇക്കുറി വലിയ കുതിപ്പ് ഉണ്ടായിട്ടുണ്ട്. ഉത്രാടം വരെയുള്ള ഏഴ് ദിവസത്തില്‍ 624 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 529 കോടിയായിരുന്നു. ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് കൊല്ലം ആശ്രാമം ബീവറേജ് ഔട്ട്‌ലെറ്റിലാണ്. 1.06 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ആശ്രാമം അടക്കം നാല് ഔട്ട്‌ലെറ്റില്‍ ഒരു കോടിയിലേറെ രൂപയുടെ വ്യാപാരം നടന്നു. ഇതിന് പുറമേ ഇരിങ്ങാലക്കുട, ചേര്‍ത്തല കോര്‍ട്ട് ജംഗ്ക്ഷന്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലും കോടി രൂപയ്ക്ക് മുകളില്‍ കച്ചവടം നടന്നിട്ടുണ്ട്. പൂരാട ദിനത്തില്‍ 104 കോടി രൂപയുടെ മദ്യം ബെവ്‌കോയിലൂടെ വിറ്റഴിച്ചു. ബെവ്‌കോയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ദിവസത്തെ മദ്യ വില്‍പ്പന 100 കോടി കടക്കുന്നത്. കഴിഞ്ഞ വര്‍ഷം പൂരാട ദിനത്തില്‍ 78 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ബമ്പര്‍ മദ്യ വില്‍പ്പനയാണ് നടന്നത്.

No comments