ബീഡി ചോദിച്ചിട്ട് കൊടുക്കാത്തതിൽ വിരോധം; കൊച്ചിയിൽ യുവാവിനെ ആക്രമിച്ച പ്രതി പിടിയിൽ
കൊച്ചി: ബീഡി ചോദിച്ചിട്ട് കൊടുക്കാത്തതിനുള്ള വിരോധം നിമിത്തം യുവാവിനെ ആക്രമിച്ച പ്രതി പിടിയിൽ. മനക്കോടം തച്ചപ്പിള്ളി വീട്ടിൽ ശ്രീവിഷ്ണു (27)എന്നയാളെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26 ന് ആറേങ്കാവ് ഭാഗത്തുള്ള ഒരു വീട്ടിലെ പാലുകാച്ചൽ ചടങ്ങിന് പങ്കെടുത്ത ചേന്ദമംഗലം സ്വദേശി സുധീറിനോട് ശ്രീവിഷണു ബീഡി ചോദിച്ചിരുന്നു.
ബീഡി ഇല്ല എന്ന് പറഞ്ഞതിന്റെ വിരോധത്തിൽ ചടങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന സുധീറിനെ പിന്തുടർന്ന എത്തിയ ശ്രീവിഷ്ണു ആറേങ്കാവിന് സമീപത്ത് വച്ച് തടഞ്ഞുനിർത്തി വടി കൊണ്ട് ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ ഇടതുകാൽ ഒടിയുകയും മുഖത്തിന് പരിക്കേൽക്കുകയും ചെയ്തു. പ്രതിയെ ഇൻസ്പെക്ടർ വി.സി സൂരജ്, സബ് ഇൻസ്പെക്ടർ എം.എസ് ഷെറി, സി.പി.ഒ മാരായ മിറാഷ്, സെബാസ്റ്റ്യൻ സ്വപ്ന എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേസമയം, തിരക്കുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്ര വാഹനങ്ങളിൽ നിന്ന് പണവും രേഖകളും മോഷ്ടിച്ച പ്രതി പിടിയിൽ. കുമാരപുരത്ത് വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് ബോധി നായ്ക്കന്നൂർ അനക്കാരപ്പെട്ടി സ്വദേശിയായ അനന്തൻ (36) ആണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.
നവംബർ 20ന് ഹരിപ്പാട് ടൗൺഹാൾ ജംഗ്ഷന് വടക്കുവശം ശബരി കൺവെൻഷൻ സെന്ററിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ബാബു എന്നയാളുടെ ബൈക്കിൽ നിന്നും പണം നഷ്ടപ്പെട്ട പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. സി സി ടി വി ദൃശ്യങ്ങളിൽ ഇയാൾ ബൈക്കിന്റെ ടാങ്ക് കവർ തുറന്നു. പണം മോഷ്ടിക്കുന്നതും ഇവിടെ പാർക്ക് ചെയ്തിരുന്ന മറ്റു വാഹനങ്ങളിലും മോഷ്ടിക്കാൻ ശ്രമം നടത്തുന്നതും വ്യക്തമാണ്.
No comments