Breaking News

മുഴുവൻ സർക്കാർ ഓഫീസുകളിലും ബയോമെട്രിക് പഞ്ചിങ്; ഒന്ന് മുതൽ ആക്‌സസ് കൺട്രോൾ സംവിധാനവും


തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും അടുത്ത മാര്‍ച്ച് 31 ന് മുന്‍പ് ജീവനക്കാര്‍ക്ക് ബയോമെട്രിക് പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തും. കളക്ട്രേറ്റുകള്‍, ഡയറക്ട്രേറ്റുകള്‍, വകുപ്പ് മേധാവികളുടെ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ജനുവരി ഒന്നിനകം പഞ്ചിങ് സംവിധാനം കര്‍ശനമായി ഏര്‍പ്പെടുത്തണമെന്നും ചീഫ് സെക്രട്ടറി വി പി ജോയ് നിര്‍ദേശം നല്‍കി.നിലവില്‍ സെക്രട്ടറിയേറ്റില്‍ മാത്രമാണ് ഹാജര്‍ അധിഷ്ഠിത ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പിലാക്കിയിട്ടുള്ളത്. ഇവിടെ ജീവനക്കാര്‍ പഞ്ചിങ് നടത്തിയ ശേഷം പുറത്തേക്ക് പോകാതിരിക്കാന്‍ എല്ലാ വാതിലുകളിലും ആക്‌സസ് കണ്‍ട്രോള്‍ സംവിധാനം ജനുവരി 1 മുതല്‍ നടപ്പിലാക്കും. ഇവിടെ കാര്‍ഡ് ഉപയോഗിച്ച് പഞ്ച് ചെയ്താല്‍ മാത്രമാണ് അകത്തേക്കും പുറത്തേക്കും പോകാന്‍ കഴിയുക.

ഓരോ വകുപ്പിലേയും പഞ്ചിങ് സംവിധാനം നിരീക്ഷിക്കാന്‍ ആ വകുപ്പിലെ അഡിഷനല്‍ സെക്രട്ടറിയെയോ ജോയിന്റെ സെക്രട്ടറിയെയോ ചുമതലപ്പെടുത്തണമെന്നും ചീഫ് സെക്രട്ടറിയുടെ നിര്‍ദേശമുണ്ട്. ഈ ഉദ്യോഗസ്ഥന്റെ വിവരം പൊതുഭരണ വകുപ്പിനെ അറിയിക്കണം. വകുപ്പ് സെക്രട്ടറിമാരുമായുള്ള ചീഫ് സെക്രട്ടറിയുടെ പ്രതിമാസ യോഗത്തില്‍ പഞ്ചിങ് നടപ്പാക്കിയതിന്റെ പുരോഗതി വിലയിരുത്തും.

No comments