Breaking News

പരപ്പ എടത്തോടിൽ കിണറ്റിൽ വീണ 5 കാട്ടുപന്നികളെ ഫോറസ്റ്റ് അധികൃതരുടെ സാന്നിധ്യത്തിൽ വെടിവെച്ച് കൊന്നു പഞ്ചായത്ത് മെമ്പറെ പോലും അറിയിക്കാതെ പന്നികളെ കൊണ്ടുപോയതിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ


പരപ്പ: എടത്തോട് കിണറ്റില്‍ വീണ 5 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. എടത്തോട് പുലിക്കോടന്‍ ഗോപാലന്റെ വീട്ടുപറമ്പിലെ കിണറ്റിലാണ് കാട്ടുപന്നികള്‍ വീണത്. ഉടന്‍ തന്നെ വീട്ടുകാര്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സമീപവാസികളും നാട്ടുകാരും സംഭവസ്ഥലത്തെത്തി. കിണറ്റിൽ ആയതിനാൽ വെടിവെക്കാൻ കഴിയില്ലെന്ന് അവിടെ കൂടി നിന്നവരെ അറിയിച്ചുവെങ്കിലും പിന്നീട്  ആളൊഴിഞ്ഞ സമയത്ത് വന്ന് ഫോറസ്റ്റ് അധികൃതരുടെ സാന്നിധ്യത്തിൽ പന്നികളെ വെടിവെച്ച് കൊല്ലുകയായിരുന്നു. പ്രദേശവാസിയായ തന്നെ പോലും വിവരം അറിയിക്കാതെ വെടിവെച്ച പന്നികളെ വാഹനത്തിൽ കയറ്റി കൊണ്ടുപോയതിൽ ദുരൂഹത ഉണ്ടെന്ന് വാർഡ് മെമ്പറായ ജോസഫ് വർക്കി പറഞ്ഞു. ഇത് സംബന്ധിച്ച നാട്ടുകാരുടെ ആക്ഷേപം ജില്ലാ ഫോറസ്റ്റ് ഓഫീസറുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും മെമ്പർ പറഞ്ഞു.  എന്നാൽ ചത്ത പന്നികളെ പരപ്പ ഫോറസ്റ്റ് ഓഫീസിന് സമീപം ജെ.സി.ബി ഉപയോഗിച്ച് കുഴിച്ചിട്ടുവെന്നാണ് ഫോട്ടോ സഹിതമുള്ള തെളിവുകളോടെ ഫോറസ്റ്റ് അധികൃതർ നൽകുന്ന വിശദീകരണം.




No comments