എം. രമയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് പി.ടി.എ; സമരം ശക്തമാക്കി എസ്.എഫ്.ഐ
കാസര്‍കോട്: ഗവ. കോളേജില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ വിവാദപരാമര്‍ശം നടത്തിയ മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. എം. രമയെ തള്ളി പി.ടി.എ. അധ്യാപികയ്‌ക്കെതിരെ നടപടി വേണമെന്ന് പി.ടി.എ. യോഗം വിലയിരുത്തി. അധ്യാപികയുടെ പരാമര്‍ശങ്ങളോട് യോജിപ്പില്ല. ഇത്തരം കാര്യങ്ങള്‍ അവര്‍ യോഗങ്ങളില്‍ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. ലഹരി ഉപയോഗത്തിനെതിരെ നേരത്തെ ബോധവത്കരണവും മറ്റും നടത്തിയിട്ടുണ്ട്. ഇത്രയും ഭീകരമമായ അനുഭവം തങ്ങള്‍ക്കാര്‍ക്കും അനുഭവപ്പെട്ടിട്ടില്ലെന്നും പി.ടി.എ. ഭാരവാഹിയായ അര്‍ജുനന്‍ തായലങ്ങാടി മാധ്യമങ്ങളോട് പറഞ്ഞു.'എന്താണ് അവര്‍ ഉദ്ദേശിച്ചതെന്ന് അറിയില്ല. പറഞ്ഞത് തിരുത്തേണ്ടത് അവരുടെ ബാധ്യതയാണ്. നമ്മള്‍ അറിയാത്ത സംഭവങ്ങളാണ് ഇതൊക്കെ. അധ്യാപികയുടെ പരാമര്‍ശത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് നഷ്ടങ്ങളുണ്ടായിട്ടുണ്ട്. അതിനാല്‍ അധ്യാപികയ്‌ക്കെതിരെ നടപടി വേണം'- അര്‍ജുനന്‍ തായലങ്ങാടി വ്യക്തമാക്കി.
അതേസമയം, എം. രമയെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി എസ്.എഫ്.ഐ. സമരം ശക്തമാക്കുകയാണ്. തിങ്കളാഴ്ച എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ പഠിപ്പ് മുടക്ക് സമരം നടന്നു. മുന്‍ പ്രിന്‍സിപ്പാളിനെ കോളേജില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയാനായിരുന്നു എസ്.എഫ്.ഐ. തീരുമാനമെങ്കിലും ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് എം. രമ ജോലിക്കെത്തിയില്ല. കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നിട്ടില്ലെന്ന അധ്യാപികയുടെ വാദം കഴിഞ്ഞ ദിവസം തന്നെ പൊളിഞ്ഞിരുന്നു. ജല അതോറിറ്റി നടത്തിയ പരിശോധനയില്‍ വെള്ളത്തില്‍ ഇ കോളിയടക്കമുള്ള ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
No comments