പള്ളി മിനാരം വൈദ്യുതി ലൈനിൽ വീണ സംഭവം 12.55 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്‌ഇബി
കാസർകോട് :പൊളിച്ചുനീക്കുന്നതിനിടെ പള്ളി മിനാരം വൈദ്യുതി ലൈനിലേക്ക് വീണ സംഭവത്തിൽ 12.55 രൂപ നഷ്ടപ്പെട്ടതായി കെഎസ്‌ഇബി അധികൃതർ പൊലീസിൽ പരാതി നൽകി. നുള്ളിപ്പാടി ജുമമസ്‌ജിദ് മിനാരമാണ് പൊളിക്കുന്നതിനിടെ വൈദ്യുതി ലൈനിലേക്ക് പൊട്ടിവീണത്. നഷ്ടമായ തുകയടക്കാൻ മിനാരം പൊളിച്ച കരാറുകാരൻ തയ്യാറാണെന്ന് അറിയിച്ചതിനാൽ ഇതുവരെ കേസെടുത്തിട്ടില്ലെന്നും വെള്ളിയാഴ്‌ച സ്‌റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടതായും കാസർകോട് പൊലീസ് അറിയിച്ചു. ഇതിനുപുറമെ ദേശീയപാത നവീകരണം ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–- ഓപ്പറേറ്റീവ് സൊസൈറ്റിക്കും ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഇതുസംബന്ധിച്ച കണക്കെടുപ്പ് തുടരുകയാണ്. വൈദ്യുതി ലൈൻ പൊട്ടിവീണതോടെ ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ ഇരുട്ടിലായ കാസർകോട്–- നുള്ളിപ്പാടി ഭാഗത്ത് വെളിച്ചം തിരികെയെത്തിയത് വ്യാഴാഴ്‌ച രാത്രി ഏഴോടെയാണ്. ബുധൻ രാത്രി നുള്ളിപ്പാടി ഭാഗത്തെ ചിലയിടങ്ങളിൽ വൈദ്യുതി പുനസ്ഥാപിച്ചെങ്കിലും പ്രവൃത്തി നടക്കുന്നതിനാൽ വ്യാഴം രാവിലെ മുതൽ പൂർണമായി ഓഫാക്കി. പ്രവൃത്തി പൂർത്തിയാക്കി രാത്രി ചാർജ് ചെയ്‌തതായി കെഎസ്‌ഇബി അധികൃതർ അറിയിച്ചു. വൈദ്യുതിയില്ലാതെ കുടിവെള്ളം ഉൾപ്പെടെ മുടങ്ങി ആയിരക്കണക്കിന് ഉപയോക്താക്കളാണ് ദുരിതത്തിലായത്.
No comments