Breaking News

ബ്രഹ്‌മപുരം തീപിടുത്തം; കരാർ കമ്പനിക്ക് ഗുരുതര വീഴ്ച, കൂടുതൽ പേർ ചികിത്സയിൽ വിഷവായു ശ്വസിച്ചു കൊച്ചി നഗരംകൊച്ചി: ബ്രഹ്‌മപുരത്തെ ബയോമൈനിംഗ് പ്രവര്‍ത്തനത്തില്‍ കരാര്‍ കമ്പനിക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. തരംതിരിച്ച ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കരാര്‍ കമ്പനി മാറ്റിയില്ല. ബയോംമൈനിംഗില്‍ മുന്‍പരിചയമില്ലാതെയാണ് സോണ്‍ട ഇന്‍ഫ്രാടെക്ക് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചിയിലെ കരാര്‍ ഏറ്റെടുത്തത്. കമ്പനിയുടെ പ്രവര്‍ത്തനം തുടങ്ങിയതിന് ശേഷവും പരാതികള്‍ ഉയര്‍ന്നിരുന്നു. 11 കോടി രൂപ കരാര്‍ വഴി കിട്ടിയെങ്കിലും 25 ശതമാനം ബയോമൈനിംഗ് മാത്രമാണ് കമ്പനി പൂര്‍ത്തിയാക്കിയത്. ബ്രഹ്‌മപുരത്ത് ബയോമൈനിംഗ് ശരിയായി നടന്നിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയിരുന്നു.

അതേ സമയം ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ധാരാളം പേരാണ് ചികിത്സ തേടിയെത്തുന്നത്.ശ്വസം മുട്ടല്‍, ചുമ, ചൊറിച്ചില്‍ എന്നിങ്ങനെയാണ് ജനങ്ങളെ പ്രധാനമായും അലട്ടുന്ന പ്രശ്‌നങ്ങള്‍. ചികിത്സയ്ക്കായി 17 പേര്‍ ബ്രഹ്‌മപുരം സബ് സെന്ററിലും എട്ട് പേര്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും എത്തി. ഇതിന് പുറമെ നിരവധി പേര്‍ സ്വകാര്യ ആശുപത്രികളെയും സമീപിച്ചിട്ടുണ്ട്.

തുടര്‍ച്ചയായ എട്ടാം ദിവസവും കൊച്ചി നഗരവും പരിസര പ്രദേശങ്ങളും വിഷപ്പുകയില്‍ മുങ്ങിയിരിക്കുകയാണ്. കടവന്ത്ര, വൈറ്റില, മരട്, പനമ്പള്ളി നഗര്‍ മേഖലകളില്‍ പുക അതിരൂക്ഷമാണ്. അര്‍ധരാത്രി തുടങ്ങിയ പുകമൂടല്‍ ഇപ്പോഴും തുടരുകയാണ്. അതേസമയം വിഷപ്പുക നിറഞ്ഞ സ്ഥലങ്ങളിലെ മിക്ക സ്‌കൂളുകളിലും ക്ലാസുകള്‍ ഓണ്‍ലൈനായി ആണ് നടക്കുന്നത്. ഇന്നും നാളെയും പ്രശ്‌നബാധിത മേഘലയിലെ പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി.

കഴിഞ്ഞ ദിവസം പ്രദേശങ്ങളിലേക്ക് പുക വ്യാപിച്ചതിനെ തുടര്‍ന്ന് വടക്കേ ഇരുമ്പനം ഭാഗത്തെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. മറ്റ് പലരും അവരുടെ ബന്ധു വീട്ടിലേക്ക് മാറുകയും ചെയ്തിരുന്നു. എന്നാല്‍ പരീക്ഷ കാരണം ചില വീട്ടുകാര്‍ക്ക് വീട്ടില്‍ നിന്ന് മാറി താമസിക്കാന്‍ കഴിയുന്നില്ല. മണ്ണ് മാന്തി ഉപയോഗിച്ച് പ്ലാന്റിലെ മാലിന്യം ഇളക്കുമ്പോള്‍ ഇപ്പോഴും തീ ചെറിയതോതില്‍ പടരുന്നുണ്ട്.ആകെ 31 മണ്ണ് നീക്കല്‍ യന്ത്രങ്ങളാണ് ഇപ്പോള്‍ തീയണയ്ക്കുന്നതിനായി പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ വിവിധ താലൂക്കുകളില്‍ നിന്നായി 28 മണ്ണ് നീക്കല്‍ യന്ത്രങ്ങളും കോട്ടയം ജില്ലയില്‍ നിന്ന് രണ്ടും തൃശൂരില്‍ നിന്ന് ഒന്നും മണ്ണ് നീക്കല്‍ യന്ത്രങ്ങള്‍ ബ്രഹ്‌മപുരത്തെത്തിയിട്ടുണ്ട്. കാറ്റിന്റെ ദിശ അനുകൂലമല്ലാത്ത സമയങ്ങളില്‍ മുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിന് നേവിയുടെ ഹെലികോപ്ടറും പ്രവര്‍ത്തിക്കുന്നുണ്ട്.

No comments