Breaking News

ചെങ്കൽ പണകൾ 24 മുതൽ അടച്ചിടുമെന്ന് ഉടമകൾ


കാസർകോട്‌ : ചെങ്കൽ മേഖലയിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച്‌ ഉടമകൾ 24 മുതൽ പണിമുടക്കും. കരിങ്കല്ലിന്റെ കാര്യത്തിലെ നിയമങ്ങൾ ചെങ്കല്ല്‌ മേഖലയിലും നടപ്പാക്കുന്നത്‌ അശാസ്‌ത്രീയമാണെന്ന്‌ ചെങ്കൽ ഉൽപാദക ഉടമസ്ഥ ക്ഷേമ സംഘം സംസ്ഥാന ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിലെ നിയമത്തിൽ ഏഴരമീറ്റർ വരെ മൈനിങ്‌ പ്ലാൻ ഒഴിവാക്കാം. എന്നാൽ അതിന്‌ അനുമതിയില്ല.
രേഖകൾ ഹാജരാക്കിയാൽ മാസത്തിനകം ഖനനാനുമതി നൽകേണ്ടതാണ്‌. ഈ വ്യവസ്ഥയും റദ്ദാക്കി. ഒരേസ്ഥലത്ത്‌ അഞ്ചുവർഷംവരെ കിട്ടുന്ന അനുമതി മൂന്നുവർഷമാക്കി ചുരുക്കി. റോയൽറ്റി തുക നാലിരട്ടിയായി വർധിപ്പിച്ചതോടൊപ്പം ഫൈനും നാലിരട്ടിയാക്കിയെന്ന്‌ സംസ്ഥാന സെക്രട്ടറി കെ മണികണ്‌ഠൻ, വൈസ്‌ പ്രസഡിന്റ്‌ കെ നാരായണൻ, ജോയിന്റ്‌ സെക്രട്ടറി ജോസ്‌ നടപ്പുറം, എം വിനോദ്‌ കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പുതിയ ഖനന നിയമം തിരുത്തണം: ക്വാറി ഉടമകള്‍

കാസർകോട് : കരിങ്കൽ ഉൽപന്നങ്ങളുടെ സർക്കാർ വിഹിതത്തിന്റെ വർധനവ് നിർമാണമേഖലയെ സാരമായി ബാധിക്കുമെന്നും പുതിയ നിയമവ്യവസ്ഥകൾ പ്രകാരം മുന്നോട്ടു പോക്ക് പ്രയാസമാണെന്നും കരിങ്കൽ ക്വാറി ഉടമകൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലൈസൻസ് ഫീസിനത്തിലും ഭീമമായ വർധനയാണ് വരുത്തിയത്. മൈനർ മിനറൽ വിഭാഗത്തിൽപ്പെട്ട കരിങ്കൽ ഉത്പന്നങ്ങൾ ഖനനം ചെയ്യുന്ന പ്രക്രിയ സങ്കീർണമാക്കുന്നതാണ് നിയമങ്ങൾ. ക്വാറികളിൽനിന്നുള്ള സർക്കാർ വിഹിതം നൂറുശതമാനമാണ് വർധിപ്പിച്ചത്. പിഴതുക, അമിതഖനനം, ക്രഷർ ഡീലർ എന്നിവയിലെല്ലാം ഭീമമായ വർധനവുണ്ടായതായും നേതാക്കൾ പറഞ്ഞു.
ക്രഷർ ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബി എം സിദ്ദിഖ്, ക്വാറി ഇ സി അസോസിയേഷൻ പ്രസിഡന്റ് സി നാരായണൻ, ടി കെ ഹനീഫ്, ഡാവി സ്റ്റീഫൻ, ഫാറൂഖ് ബന്തിയോട്, അലി ചേരൂർ, പ്രജീഷ്, ജൈജൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


No comments