നബാർഡ് ആദിവാസി വികസന ഫണ്ട്: കോടോംബേളൂരിലെ തിരഞ്ഞെടുക്കപ്പെട്ട വാർഡുകളിൽ വിത്തുകൾ വിതരണം ചെയ്തു
തായന്നൂർ:നബാർഡ് ആദിവാസി വികസന ഫണ്ടിൽപ്പെടുത്തി സെന്റർ ഫോർ റിസർച്ച് ആന്റ് ഡവലപ്മെന്റ് (സി.ആർ ഡി )കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ 9, 14, 15, 16 വാർഡുകളിലെ 18 പട്ടിക വർഗ്ഗ ഊരുകളിൽ നടത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായി. 500 കുടുംബങ്ങളെ ഉൾപ്പെടുത്തി പ്രധാനമായും ജീവനോപാധി പ്രവർത്തനങ്ങളിലൂടെ പട്ടിക വർഗ്ഗ കുടുംബങ്ങളുടെ വരുമാനം വർദ്ധിപ്പിച്ച് അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള പദ്ധതി 5 വർഷം കൊണ്ടാണ് പൂർത്തീകരിക്കുന്നത്. തുടക്ക പ്രവർത്തനമെന്ന നിലയിൽ പദ്ധതിയിൽ ഉൾപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും ചേന, മഞ്ഞൾ വിത്തുകൾ വിതരണം ചെയ്തു. കുറ്റിയടുക്കം ഊരിൽ വിത്ത് വിതരണ ഉദ്ഘാടനം കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. ദാമോദരൻ നിർവ്വഹിച്ചു. പദ്ധതി തല പട്ടിക വർഗ്ഗ വികസന സമിതി പ്രസിഡണ്ട് എം. രമേശൻ അദ്ധ്യക്ഷത വഹിച്ചു. സി.ആർ.ഡി പ്രോഗ്രാം ഓഫീസർ ഇ സി ഷാജി പദ്ധതി വിശദീകരിച്ചു. സി.ഡി എസ് ചെയർ പേഴ്സൺ കെ. ബിന്ദു, പി.ടി.ഡി.സി സെക്രട്ടറി എൻ. പത്മനാഭൻ എന്നിവർ സംസാരിച്ചു.
No comments