Breaking News

പ്രളയകാലത്ത് കേരളത്തിന്റെ സൈന്യമായ മത്സ്യത്തൊഴിലാളികൾ ഇനി യഥാർഥ സൈന്യമാകും മൺസൂൺ കാല സുരക്ഷക്കായി 25 അംഗ സംഘം ജില്ലയിലെത്തി


കാസർകോട്‌ : പ്രളയകാലത്ത് കേരളത്തിന്റെ സൈന്യമായ മത്സ്യത്തൊഴിലാളികൾ ഇനി യഥാർഥ സൈന്യമാകും. ഗോവയിൽനിന്ന്‌  വിദഗ്‌ദ പരിശീലനം നേടി മൺസൂൺ കാല  സുരക്ഷക്കായി  25  അംഗ സംഘം  ജില്ലയിലെത്തി. ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ വാട്ടർ സ്‌പോർട്‌സിലെ പരിശീലനത്തിനുശേഷമാണ്‌ തീരഗ്രാമങ്ങളിൽ സർവസജ്ജരായി  കടൽ സുരക്ഷാ സ്‌ക്വാഡെത്തിയത്‌.  ഓഖി പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന്‌ ഇവരുടെ സേവനം ഉപയോഗപ്പെടുത്തും.   

പ്രധാന തീരകേന്ദ്രങ്ങളിലുള്ള   സുരക്ഷാ സ്‌ക്വാഡിന്റെ  യാനങ്ങളിൽ ജീവൻരക്ഷാ, കമ്യൂണിക്കേഷൻ ഉപകരണങ്ങളും ലഭ്യമാക്കും.  24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ്‌ കൺട്രോൾ റൂമുമുണ്ട്‌.  മടക്കരയിൽ ഇവർക്കുള്ള പ്രത്യേക ബോട്ട്‌ സജ്ജമായി. മഞ്ചേശ്വരത്തും ഉടൻ ബോട്ടെത്തും .  നിലവിലുണ്ടായിരുന്ന  10 റെസ്‌ക്യൂ ഗാർഡുമാർക്ക്‌ പുറമെ  മറൈൻ സീ സ്‌ക്വാഡിനെ കൂടി നിയമിക്കും.  അടിയന്തിര സാഹചര്യങ്ങളെ നേരിടാനും  രക്ഷാ പ്രവർത്തനങ്ങളെ സഹായിക്കാനും  ഷിഷറീസ്‌,  പോർട്ട്‌,  ഇന്ത്യൻ നേവി,  കോസ്‌റ്റ്‌ ഗാർഡ്‌ എന്നിവർ ചേർന്നുള്ള  സംയുക്ത സ്‌ക്വാഡും രൂപീകരിച്ചിട്ടുണ്ട്‌.    

മൺസൂൺകാലത്ത്‌  ഫിഷറീസ്‌ വകുപ്പ്‌ ജില്ലയിൽ സുശക്തമായ സുരക്ഷാ സംവിധാനങ്ങളാണ്‌  ഏർപ്പെടുത്തുന്നത്‌. കടലിൽ അപകടങ്ങൾ ഉണ്ടാകുമ്പോൾ വാർത്താ വിനിമയ സംവിധാനങ്ങളുടെ കുറവ് രക്ഷാപ്രവർത്തനത്തിനു തടസമാകാതിരിക്കാൻ ഉയർന്ന ഫ്രീക്വൻസിയുള്ള റേഡിയോ ടെലിഫോണുകളുടെ ഉപയോഗവും   വ്യാപകമാക്കും. തുറമുഖങ്ങളിൽ കാലാവസ്ഥ, മത്സ്യലഭ്യത ഉൾപ്പെടെ എല്ലാ വിവരങ്ങളും പ്രദർശിപ്പിക്കുന്ന എൽഇഡി സ്ക്രീനുകളുൾപ്പെടെയുള്ളവ സ്ഥാപിക്കുന്ന  നടപടികളുമുണ്ട്‌.  കടലിലെ നിരീക്ഷണത്തിനൊപ്പം അടിയന്തരഘട്ടത്തിൽ ജനങ്ങളും ഏജൻസികളും എത്രത്തോളം സജ്ജരാണ് എന്ന് വിലയിരുത്താൻ പ്രത്യേക ഇടപെടലുണ്ടാകും. ദൈര്‍ഘ്യമേറിയ തീരപ്രദേശം ഉള്ളതിനാൽ  ഇതര സംസ്ഥാനങ്ങളിൽനിന്നെത്തുന്നുള്ള  അനധികൃത ബോട്ടുകളുടെ മീൻപിടുത്തം തടയാനും നടപടിയുണ്ടാകും.  മൺസൂൺ കാലത്ത്‌  മീൻപിടുത്തത്തിനുപോകുന്ന പരമ്പരാഗത തൊഴിലാളികൾ നിർബന്ധമായും സുരക്ഷാ സംവിധാനങ്ങളും ആധാർകാർഡും കരുതണമെന്ന്‌ ഫിഷറീസ്‌ ഡെപ്യൂട്ടി ഡയറക്ടർ പി  വി സതീശൻ പറഞ്ഞു


No comments