ഭൂമിയുടെ അവകാശികൾക്ക് ഭൂമിയും വീടും ... ദുരിതജീവിതം നയിക്കുന്ന കമ്മാടിയിലെ കുടുംബങ്ങൾക്ക് ഭൂമിയും വീട് പണിയാനുള്ള തുകയും അനുവദിച്ചു പട്ടികവർഗ വികസന വകുപ്പ് ഉത്തരവായി
രാജപുരം : മഴക്കാലമെത്തുമ്പോൾ ആധിയൊഴിയാത്ത പനത്തടി പഞ്ചായത്തിലെ കമ്മാടിക്കാരിപ്പോൾ സന്തോഷത്തിലാണ്. കാലവർഷത്തെ ഭയക്കാതെ കഴിയാൻ സുരക്ഷിത സ്ഥലത്ത് സ്വന്തമായി ഭൂമി അനുവദിച്ച സംസ്ഥാന സർക്കാരിപ്പോൾ ഇവർക്കായി വീട് നിർമാണത്തിനുള്ള ധനസഹായവും അനുവദിച്ചു.
ദുരിതജീവിതം നയിക്കുന്ന കമ്മാടിയിലെ പത്ത് ആദിവാസി കുടുംബങ്ങൾക്കാണ് ഭൂമിക്കുപിന്നാലെ വീട് നിമാണത്തിന് ആറുലക്ഷം രൂപ വീതം അനുവദിച്ച് പട്ടികവർഗ വികസന വകുപ്പ് ഉത്തരാവയത്. അതീവ പരിസ്ഥിതി ലോല പ്രദേശമായതിനാൽ കാലവർഷത്തിൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുന്നതോടെപ്പം കനത്ത മഴ വന്നാൽ ഇവർ വീടൊഴിഞ്ഞ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുകയായിരുന്നു പതിവ്. മാസങ്ങളോളം വീടും നാടും വീട്ടു കഴിയേണ്ടിവരുന്ന ദുരിത ജീവിതത്തിനാണ് എൽഡിഎഫ് സർക്കാർ അറുതി വരുത്തിയത്.
കമ്മാടി കോളനിയിലെ ഡി ബി സുന്ദരൻ, കെ ബി രവി , കെ ടി ഇന്ദിര, കെ സി സരസ്വതി, എൻ ബി ചെട്ടി , പി ചില്ലി തോലൻ, ചെമ്പ വെള്ളച്ചൻ, കെ സി രമേശൻ , കെ എൻ റാണി എന്നിവരുടെ കുടുംബങ്ങൾക്കാണ് സ്ഥലവും വീടും അനുവദിച്ചത്.
പനത്തടി പഞ്ചായത്തിലെ കല്ലപ്പള്ളി ബട്ടോളിയിലാണ് സ്ഥലം അനുവദിച്ചത്. ഒരാൾക്ക് ആറുസെന്റ് വീതമാണ് അനുവദിച്ചത്. ഇതോടൊപ്പം ഇവർക്ക് കമ്യൂണിറ്റി ഹാൾ നിർമിക്കാൻ ആറുസെന്റും അനുവദിച്ചിട്ടുണ്ട്. ആദ്യ ഗഡുവായ 90,000 രൂപ വീതം ഉടൻ കെെമാറും.
No comments