Breaking News

സഞ്ചാരികൾ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കും മാലിന്യങ്ങളും ശേഖരിച്ചു വൃത്തിയാക്കി പ്ലാസ്റ്റിക്കിനെതിരെയുള്ള പോരാട്ടത്തിൽ പങ്കാളിയായി ബളാൽ പഞ്ചായത്ത് മെമ്പർ പി സി രഘുനാഥൻ


വെള്ളരിക്കുണ്ട് : ഓരോ മന്‍സൂണ്‍ കാലവും മലയോരത്തെ പ്രധാന വെള്ളച്ചാട്ടമായ അച്ചങ്കല്ല് കാണാനെത്തുന്നത് ആയിരങ്ങളാണ്. തിമിര്‍ത്തു പെയ്യുന്ന മഴയില്‍ അച്ചങ്കല്ലിലെ കാഴ്ചക്ക് ഭംഗി കൂടും. പണ്ട് പ്രാദേശിക വിനോദ സഞ്ചാരികള്‍ മാത്രമായിരുന്നെങ്കില്‍ സോഷ്യല്‍ മീഡിയ സജീവമായതോടെ അന്യ സംസ്ഥാനങ്ങളില്‍ നിന്നുപോലും പ്രകൃതി ഒരുക്കിയ വിസ്മയ കാഴ്ച കാണാന്‍  ദിനം പ്രതി നൂറുകണക്കിന് ആളുകള്‍ എത്തുന്നുണ്ട്. സഞ്ചാരികള്‍ ഉപേക്ഷിച്ചു പോകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. ഉപയോഗിച്ച് വലിച്ചെറിയുന്ന കുപ്പിയും, ഭക്ഷണ സാധാങ്ങള്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകളും അവിടിവിടെ വലിച്ചെറിഞ്ഞ കാഴ്ചയും സാധാരണയാണ്. പ്ലാസ്റ്റിക് ബോധവല്‍ക്കരണം ഉത്തരവാദപ്പെട്ട അധികാരികള്‍ നടത്തുന്നുണ്ടെങ്കിലും പലപ്പോഴും പ്രാവര്‍ത്തികമാകുന്നില്ല എന്നതാണ് ദുഃഖകരം. ബളാല്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ പി സി രഘുനാഥന് തന്റെ വാര്‍ഡിന്റെ പരിധിയില്‍ അല്ല ഈ വെള്ള ചാട്ടമെങ്കിലും പ്ലാസ്റ്റിക്കിനോട് സന്ധി ചെയ്യാന്‍ തയ്യാറുമല്ല. ജനങ്ങളെ ബോധവല്‍ക്കരണം നടത്തുന്നതിനൊപ്പം പ്ലാസ്റ്റിക്  മാലിന്യം നീക്കം ചെയ്യാന്‍ തനിക്കും ഉത്തരവാദിത്തമുണ്ടെന്ന് ഉറക്കെ പറഞ്ഞ് അച്ചങ്കല്ലില്‍ സഞ്ചാരികള്‍ ഉപേക്ഷിച്ച പ്ലാസ്റ്റിക് രഘു നാഥന്‍ തന്നെ നീക്കം ചെയ്തു. ഗാന്ധിയന്‍ ചിന്തകള്‍ പിന്തുടരുന്ന വ്യക്തി എന്ന നിലയില്‍  പ്രവര്‍ത്തി തന്നെയാണ് പ്രാര്‍ത്ഥന എന്ന സന്ദേശം അദ്ദേഹം പങ്കു വെച്ചു.

No comments