Breaking News

മറുനാടൻ തൊഴിലാളികളുടെ മാതൃക: കളഞ്ഞുകിട്ടിയ ഫോൺ ഉടമയുടെ വീട്ടിലെത്തി നൽകി കുണ്ടംകുഴിയിലാണ് സംഭവം

 


കുണ്ടംകുഴി : റോഡിൽനിന്ന്‌ കളഞ്ഞുകിട്ടിയ മൊബൈൽ ഫോൺ ഉടമയെ അന്വേഷിച്ച് കണ്ടെത്തി വീട്ടിലെത്തി ഏൽപിച്ച് മറുനാടൻ തൊഴിലാളികൾ. ബേഡഡുക്ക താലൂക്കാസ്പത്രി ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് കുണ്ടംകുഴി നെല്ലിയടുക്കം സ്വദേശി പി.കാർത്യായനിയുടെതാണ് ഫോൺ.മേഘാലയ സ്വദേശികളായ ജനോർദൻ റാബ, ഷിബ ജോളി റാബ, അഷി നിറാബ, ബിസ്മ റാബ എന്നിവർക്കാണ് റോഡരികിൽനിന്ന്‌ ഫോൺ ലഭിച്ചത്. നെല്ലിയടുക്കത്ത് വാടകമുറിയിൽ താമസിച്ച് ചെങ്കൽപ്പണയിൽ തൊഴിലെടുക്കുന്നവരാണിവർ.തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ ആസ്പത്രിയിൽനിന്ന്‌ വീട്ടിലേക്കുള്ള യാത്രയിൽ നെല്ലിയടുക്കം കവലയുടെ സമീപമാണ് ഫോൺ നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ട വിവരം കാർത്യായനിയുടെ ഭർത്താവ് ബേഡഡുക്ക ഗവ. എൽ.പി.സ്കൂൾ (ന്യൂ) പ്രഥമാധ്യാപകൻ എച്ച്.ബാലകൃഷ്ണൻ നെല്ലിയടുക്കം ഇ.എം.എസ്. സ്മാരക വായനശാല ഭാരവാഹികളെ അറിയിച്ചു. ഭാരവാഹികൾ വായനശാലയുടെ സാമൂഹികമാധ്യമഗ്രൂപ്പുകളിൽ ഉടൻ സന്ദേശം അയച്ചതോടെ നാട്ടുകാരും അന്വേഷണം തുടങ്ങി. ഫോണിലേക്ക് വിളിക്കുമ്പോഴെല്ലാം സ്വിച്ച് ഓഫായിരുന്നു. ചൊവ്വാഴ്ച രാവിലെ ബേഡകം പോലീസിൽ പരാതി നൽകി.പ്രദേശത്ത് ആരുടെയെങ്കിലും ഫോൺ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് ചൊവ്വാഴ്ച ഉച്ചഭക്ഷണം കഴിക്കാൻ കവലയിലെത്തിയപ്പോൾ തൊഴിലാളികൾ നാട്ടുകാരോട് അന്വേഷിച്ചു. വീടും വിലാസവും മനസ്സിലാക്കി. തൊഴിലാളിസംഘം പണികഴിഞ്ഞ് രാത്രി എട്ടോടെ കാർത്യായനിയുടെ വീട്ടിലെത്തുകയായിരുന്നു. വായനശാല ഭാരവാഹികളായ ഇ.രാധാകൃഷ്ണൻ, മനീഷ് കുമാർ, സതീശൻ, സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ ഫോൺ ഏറ്റുവാങ്ങി. സത്യസന്ധതയെ പ്രശംസിച്ച് സത്കാരം ഒരുക്കി. പാരിതോഷികവും നൽകി.

No comments