മിഷൻ ഇന്ദ്രധനുഷ് 5.0 രണ്ടാം ഘട്ടം സെപ്റ്റംബർ 11 മുതൽ 16 വരെ
കാസറഗോഡ് :പ്രതിരോധകുത്തിവെപ്പെടുക്കാത്തതും ഭാഗികമായി കുത്തി വെപ്പ് എടുത്തിട്ടുള്ളതുമായ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കും വാക്സിൻ നൽകുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഇന്റൻസിഫൈഡ് മിഷൻ ഇന്ദ്രധനുഷ്-5.0(IMI 5.0) പരിപാടിയുടെ രണ്ടാം ഘട്ടം സെപ്റ്റംബർ 11 മുതൽ 16 വരെ നടക്കും.പ്രതിരോധ കുത്തിവെപ്പിലൂടെ പ്രതിരോധിക്കാൻ കഴിയുന്ന രോഗങ്ങളിൽനിന്ന് കുട്ടികളെയും ഗർഭിണികളെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
എതെങ്കിലും കാരണങ്ങളാൽ വാക്സിൻ എടുക്കാൻ സാധിക്കാതെ പോയവർക്ക് വാക്സിൻ ലഭ്യമാക്കാൻ പദ്ധതിയിലൂടെ സാധ്യമാകും. മീസിൽസ് (അഞ്ചാം പനി), റൂബല്ല എന്നിവയ്ക്കുള്ള വാക്‌സിനേഷന് പദ്ധതിയിൽ കൂടുതൽ പ്രാധാന്യം നൽകും.
മൂന്ന് ഘട്ടങ്ങളായാണ് ഇന്റൻസിഫൈഡ് മിഷൻ ഇന്ദ്രധനുഷ് 5.0 നടപ്പാക്കുന്നത്. സെപ്റ്റംബർ 11 മുതൽ 16 വരെ രണ്ടാം ഘട്ടവും ഒക്ടോബർ ഒമ്പത് മുതൽ 14 വരെ മൂന്നാം ഘട്ടവും നടക്കും.
ആഗസ്റ്റ് 7 മുതൽ 12 വരെ നടന്ന മിഷൻ ഇന്ദ്രധനുഷ് ഒന്നാം ഘട്ടത്തിൽ ജില്ലയിൽ ഭാഗികമായി വാക്സിനെടുത്ത 564 കുട്ടികളും അതിഥി തൊഴിലാളികളിൽ നിന്നുള്ള 42 കുട്ടികളും ട്രൈബൽ മേഖല യിൽ നിന്നുള്ള 34 കുട്ടികളും വാക്സിനേഷൻ സ്വീകരിച്ചിരുന്നു.ആദ്യഘട്ടത്തോടനുബന്ധിച്ച് വീടുകൾതോറും നടത്തിയ സർവ്വേയിൽ നിന്നും അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള വാക്സിൻ എടുക്കേണ്ട കുട്ടികളുടെയും ഗർഭിണികളുടെയും നിലവിലെ വാക്സിനേഷൻ സ്ഥിതിവിവരം ശേഖരിച്ചിട്ടുണ്ട്.
ഇവർക്ക് രണ്ടാം ഘട്ടത്തിൽ വാക്സിൻ നൽകുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.ഇതിന്റെ ഭാഗമായി ഭാഗികമായി മാത്രം പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ച കുട്ടികളുടെ രക്ഷകർത്താക്കളെ പ്രതിരോധ കുത്തിവെപ്പ് പൂർണമാക്കുന്നതിന്റെ പ്രാധാന്യം ബോധിപ്പിക്കുന്നതിനു സമഗ്രമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
ബിസിജി, ഒപിവി,ഐ, പി വി,റോട്ടാ വാക്സിൻ,എം ആർ ,ഡി പി ടി , ടി ഡി, പി സി വി , പെൻ്റാ വാലന്റ് എന്നീ വാക്സിനുകളാണ് പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് നൽകുന്നത്.ആരോഗ്യ സ്ഥാപനങ്ങളിലും ഔട്ട് റീച്ച് സെഷനുകളിലും വാക്സിനുകൾ ലഭ്യമാക്കുന്നുണ്ട്.ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടു വാക്സിനേഷൻ എടുക്കാൻ ബാക്കിയുള്ള അഞ്ചു വയസിനു താഴെയുള്ള കുട്ടികളും ഗർഭിണികളും വാക്സിനെടുത്തു കൊണ്ട് ഈ പരിപാടിയുമായി സഹകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം )ഡോ. എ വി രാംദാസ് അഭ്യർത്ഥിച്ചു.
No comments