Breaking News

ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആംബുലന്‍സ് മറിഞ്ഞ് രോ​ഗി മരിച്ചു




ഇടുക്കി: രാജാക്കാട് പന്നിയാർകൂട്ടിക്ക് സമീപം കുളത്രക്കുഴിയിൽ നിയന്ത്രണം വിട്ട ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. വട്ടപ്പാറ ചെമ്പുഴയിൽ അന്നമ്മ പത്രോസാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അന്നമ്മയെ ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന് ആംബുലൻസിൽ സേനാപതി വട്ടപ്പാറയിലുള്ള വീട്ടിലേക്ക് കൊണ്ടുവരുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. പുലർച്ചെ 4.30 ഓടെയാണ് കുളത്രക്കുഴിയിൽ നിന്ന് കയറ്റം കയറി വരുമ്പോൾ വളവിൽ 10 അടി താഴ്ചയിലുള്ള തോട്ടിലേയ്ക്ക് ആംബുലൻസ് മറിഞ്ഞത്.


പരിക്കേറ്റ അന്നമ്മയെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രാജാക്കാട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മുൻപും നിരവധി അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് പഞ്ഞി കയറ്റി വന്ന ലോറി മറിഞ്ഞ് രണ്ടു പേർ മരിച്ചിരുന്നു. കൊടുംവളവിൽ ക്രാഷ് ബാരിയർ പോലുള്ള സുരക്ഷ സംവിധാനങ്ങൾ ഒരുക്കണമെന്നും സൂചനാ ബോർഡുകൾ കാണത്തക്കവിധം സ്ഥാപിക്കണമെന്നും നാട്ടുകാർ പറഞ്ഞു.

No comments