Breaking News

അഗതിമന്ദിരത്തിൽ വിവാഹ വേദിയൊരുക്കി ദാമ്പത്യ ജീവിതത്തിന് തുടക്കം കുറിച്ച് കരിന്തളം കൊല്ലമ്പാറയിലെ ബിജു


കരിന്തളം: വിവാഹം ആർഭാടത്തിന്റെയും ധൂർത്തിന്റേയും  അരങ്ങായി മാറ്റിക്കൊണ്ടിരിക്കുന്ന കാലത്ത് അഗതിമന്ദിരത്തിൽ വിവാഹ വേദി തീർത്ത് കൊല്ലമ്പാറ കീഴ്മാലയിലെ പി.വി.ബിജു നവവധു കലയെ ജീവിതത്തോട് ചേർത്തു നിർത്തി വരണമാല്യം ചാർത്തി. നഗരത്തിലെ ഏറ്റവും മുന്തിയ ഓഡിറ്റോറിയങ്ങൾ ബുക്ക് ചെയ്ത് പതിനായിരങ്ങളെ ക്ഷണിച്ച് പണക്കൊഴുപ്പിന്റെ ആർഭാട മേളയാക്കാൻ മത്സരിക്കുന്ന വിവാഹ കമ്പോളത്തിൽ പരമ്പരാഗത വിവാഹ സങ്കൽപ്പങ്ങളെ തകർത്ത് വേറിട്ട രീതി തീർത്തിരിക്കുകയാണ് ബിജു .  നൂറ്റിഇരുപതോളം നിരാലംബ ജൻമങ്ങൾക്ക് അഭയ കേന്ദ്രമായ മടിക്കൈ മലപ്പച്ചേരിയിലുള്ള ന്യൂ മലബാർ പുനരധിവാസ കേന്ദ്രത്തിലായിരുന്നു പലരാൽ ഉപേക്ഷിക്കപ്പെട്ടവർക്കൊപ്പം അങ്ങേയറ്റം ലളിതമായി ബിജു വിവാഹ ജീവിതത്തിന് തുടക്കം കുറിച്ചത്.  വധുവായ തൃശ്ശൂർകാരി കലയും ഇരുവരുടേയും മാതാപിതാക്കളും സുഹൃത്തുക്കളും ബിജുവിന്റെ തീരുമാനത്തോട് ചേർന്ന് നിന്നപ്പോൾ പരമ്പരാഗത വിവാഹ രീതികളുടെ മതിൽക്കെട്ടുകൾ തകർത്ത് പുതിയൊരു സ്നേഹ വിപ്ലവത്തിന് തുടക്കം കുറിക്കുകയായിരുന്നു.  കിനാനൂർ കരിന്തളം പഞ്ചായത്തിലെ കൊല്ലമ്പാറ കീഴ് മാലയിലെ പി.വി.കൃഷ്ണന്റെ മകൻ പി.വി.ബിജുവും തൃശ്ശൂർ വടക്കാഞ്ചേരിയിലെ മുല്ലയ്ക്കൽ വീട്ടിൽ കുമാരന്റെ മകൾ എം.കെ. കലയും തമ്മിലുള്ള വിവാഹമാണ്  മടിക്കൈ മലപ്പച്ചേരിയിലെ മലബാർ അഗതി മന്ദിരത്തിൽ നടന്നത്. അന്തേവാസികൾക്കായി വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. കൂടാതെ വിവാഹ ചടങ്ങിനൊപ്പം കളിച്ചും ചിരിച്ചും പാട്ടു പാടിയും അവർക്കൊപ്പം ആഹ്ലാദം പങ്കിട്ടു. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി , പാറക്കോൽ രാജൻ , കെ.ലക്ഷ്മണൻ , കയനി മോഹനൻ , പി. ചന്ദ്രൻ , വി.സുധാകരൻ , എം.കെ ഗോപകുമാർ , പി. സാവിത്രി , സിനിമാ സംവിധായകൻ സന്തോഷ് പുതുക്കുന്ന് എന്നിവർ സംബന്ധിച്ചു. പി.വി.ബിജു തൃശൂർ വടക്കാഞ്ചേരി കാർഷിക വികസന ബാങ്ക് ക്ലാർക്കാണ്.

Report: Chandru Vellarikkund

No comments