മാഹിയിൽ നിന്ന് കടത്താൻ ശ്രമിച്ച 4000 ലിറ്റർ ഡീസൽ പിടികൂടി; 4.66 ലക്ഷം പിഴയിട്ടു
കണ്ണൂർ: മാഹിയിൽ നിന്ന് അനധികൃതമായി കടത്തുകയായിരുന്ന 4000 ലിറ്റർ ഡീസൽ പിടികൂടി. 4,66,010 രൂപ പിഴയും നികുതിയും ഈടാക്കി വിട്ടയച്ചു. തലശ്ശേരി ജിഎസ്ടി എൻഫോഴ്സ്മെന്റ് ഓഫീസർ സൽജിത്തിന്റെ നേതൃത്വത്തിൽ കോടിയേരി കാൻസർ സെന്ററിന് സമീപത്തുവെച്ചാണ് നികുതി വെട്ടിച്ച് ലോറിയിൽ കടത്തുകയായിരുന്ന ഡീസൽ പിടികൂടിയത്.
ജിഎസ്ടി സ്ക്വാഡിൽ ഇൻസ്പെക്ടർമാരായ ശ്രീജേഷ്, മനീഷ്, അനിൽകുമാർ, ഡ്രൈവർ മഹേഷ് കുമാർ എന്നിവരുമുണ്ടായിരുന്നു. എടക്കാട് ഭാഗത്തേക്ക് കടത്തുകയായിരുന്നു ഡീസൽ. നികുതിവെട്ടിച്ച് ഇന്ധനക്കടത്ത് നടത്തുന്നതിനെതിരെ കർശന നടപടിയുണ്ടാവുമെന്ന് എൻഫോഴ്സ്മെന്റ് ഓഫീസർ സൽജിത്ത് പറഞ്ഞു. മാഹിയിൽനിന്നും കർണാടകയിൽ നിന്നും കണ്ണൂർ ജില്ലയിലേക്ക് വ്യാപകമായി ഇന്ധനം കടത്തുന്നുണ്ട്.
ഇതിനെതിനെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലയിലെ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ സെപ്റ്റംബർ 30-ന് പെട്രോൾ പമ്പുകൾ അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു. വിൽപന നികുതിയിലെ വ്യത്യാസം കാരണം മാഹിയിൽ പെട്രോളിന് ലിറ്ററിന് 15 രൂപയും ഡീസലിന് 13 രൂപയും കർണാടകയിൽ ഡീസലിന് എട്ടു രൂപയും പെട്രോൾ അഞ്ചു രൂപയും വിലക്കുറവിലാണ് ലഭിക്കുന്നത്.
No comments