Breaking News

കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരം കണ്ടെത്താൻ തേജസ്വിനിപ്പുഴയിലെ മുക്കടയിൽ വൻകിട കുടിവെള്ളപദ്ധതി വരുന്നു


കാലിച്ചാമരം  : കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരം കണ്ടെത്താൻ തേജസ്വിനിപ്പുഴയിലെ മുക്കടയിൽ വൻകിട കുടിവെള്ളപദ്ധതി വരുന്നു. ഇതിനായുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. വേഗത്തിൽ പ്രവൃത്തി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ജലവിഭവവകുപ്പ്. തൃക്കരിപ്പൂർ മണ്ഡലത്തിലെ കയ്യൂർ ചീമേനി, പിലിക്കോട്‌, ചെറുവത്തൂർ, പടന്ന, വലിയപറമ്പ, തൃക്കരിപ്പൂർ തുടങ്ങിയ ആറ്‌ പഞ്ചായത്തുകളിലേക്ക്‌ കുടിവെള്ളത്തിക്കാനുള്ള ടെണ്ടർ നടപടികളാണ്‌ പൂർത്തിയായതെന്ന്‌ എം രാജഗോപാലൻ എംഎൽഎ അറിയിച്ചു.
തേജസ്വിനിപ്പുഴയിലെ മുക്കടയിൽനിന്നും വെള്ളമെടുക്കും. തൊട്ടടുത്ത ഉയർന്നപ്രദേശമായ പള്ളിപ്പാറയിൽ ട്രീറ്റ്‌മെന്റ്‌ പ്ലാന്റും വിവിധ പഞ്ചായത്തുകളിലേക്കുള്ള വിതരണ ടാങ്ക്‌ നിടുംബയിലുമാണ്‌ സ്ഥാപിക്കുക. ഇവിടെനിന്നാണ് സമീപ പഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുക. പദ്ധതിക്കായി പള്ളിപ്പാറയിൽ 1.6 ഏക്കർ നേരത്തെതന്നെ അനുവദിച്ചിരുന്നു. പാലായി റഗുലേറ്റർ കം ബ്രിഡ്ജ് വന്നതോടെയാണ് പദ്ധതിക്ക് ജീവൻ വെച്ചത്.
കടുത്തവേനലിലും കിലോമീറ്ററുകളോളം പുഴ നിറഞ്ഞുകിടക്കുകയാണ്. പൈപ്പ് ലൈൻ വിന്യസിച്ചാണ്‌ എല്ലാ പ്രദേശങ്ങളിലേക്കും ശുദ്ധജലമെത്തിക്കുക. കയ്യൂർ- ചീമേനി പഞ്ചായത്തിൽ ദിവസം 30 ലക്ഷം ലിറ്റർ വെള്ളം കൈകാര്യം ചെയ്യാനുള്ള സൗകര്യം നിലവിൽ പൂർത്തിയായി വരുന്നുണ്ട്. കൂടുതൽ ആവശ്യമായ വെള്ളം മുക്കടപദ്ധതിയിൽ നിന്നും നൽകും.
കരിവെള്ളൂർ–- പെരളം, കാങ്കോൽ– -ആലപ്പടമ്പ് പഞ്ചായത്തുകളിലെ കുടിവെള്ള വിതരണത്തിന് നിലവിൽ ശാശ്വതമായ മറ്റ് പദ്ധതികൾ ഒന്നുമില്ല. ഭാവിയിൽ ഇതും പരിഗണിക്കും. അതിനാൽ ഇതും മുക്കട പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. സ്വാഗത്‌ ആർ ഭണ്ഡാരി ജില്ലാകലക്ടർ ആയിരിക്കുമ്പോഴാണ് മുക്കട പദ്ധതിക്ക് ജീവൻവച്ചത്. ഇപ്പോൾ ജലവിഭവ വകുപ്പ് എംഡി ആയതിനാൽ മുക്കട പദ്ധതി നടപടികൾക്ക് വേഗത കൈവന്നിരിക്കുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സബ്സിഡിയോടുകൂടി കുടിവെളളവിതരണം ലഭ്യമാക്കുന്ന പദ്ധതി ജൽ ജീവൻ മിഷനിലൂടെയാണ് നടപ്പിലാക്കുന്നത്‌. ഓരോ വീട്ടിലും കുടിവെള്ളമെത്തിക്കുകയാണ് ലക്ഷ്യം. പദ്ധതി പൂർത്തിയാകുമ്പോൾ 400 കോടിയോളം ചെലവ് വരും.


No comments