13 കൊല്ലമായിട്ടും തുമ്പില്ലാത്ത കേസ് എണ്ണപ്പാറ മൊയോലത്തെ രേഷ്മയുടെ തിരോധാനത്തിൽ വീണ്ടും അന്വേഷണം
എണ്ണപ്പാറ : എണ്ണപ്പാറ മൊയോലം കോളനിയിലെ എം.സി. രേഷ്മ എന്ന ആദിവാസി പെണ്‍കുട്ടിയുടെ തിരോധാന കേസില്‍ വീണ്ടും അന്വേഷണം. 13 കൊല്ലമായി തുമ്പില്ലാതെ കിടന്ന കേസിൽ ബേക്കല്‍ ഡിവൈ.എസ്. പി സി.കെ. സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് വീണ്ടും അന്വേഷണം തുടരുന്നത്. കേസില്‍ ആരോപണ വിധേയനായ പാണത്തൂര്‍ ബാപ്പുകയത്തെ ബിജു പൗലോസിനെ വീണ്ടും ചോദ്യം ചെയ്യുന്നു.
രേഷ്മ തിരോധാനക്കേസ് നാളുകളായി കേരള ഹൈകോടതിയുടെ നിരീക്ഷണത്തിലാണ് നടക്കുന്നത്. നുണപരിശോധനക്ക് പൊലീസ് ശ്രമം നടത്തിയിരുന്നെങ്കിലും ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ ബിജു പൗലോസ് ഇതിനെ എതിര്‍ത്തതിനാല്‍ നടന്നില്ല. രേഷ്മയുടേതെന്ന് സംശയിക്കുന്ന ചോറ്റ് പാത്രം ബിജു പൗലോസിന്റെ വീട്ടില്‍നിന്ന് പൊലീസ് രണ്ട് വര്‍ഷം മുന്‍പ് കണ്ടെടുത്തിരുന്നു. ഇത് ശാസ്ത്രീയ പരിശോധനക്കയച്ചിരുന്നെങ്കിലും പരിശോധന റിപോര്‍ട്ട് പുറത്ത് വന്നില്ല.
കോടതിയില്‍നിന്ന് പലപ്പോഴും ബിജു പൗലോസ് അനുകൂല വിധി നേടുന്നതും പൊലീസ് അന്വേഷണത്തിന് തടസ്സമുണ്ടാക്കി. ഹൈകോടതിയില്‍ നിന്നും പ്രമുഖ ക്രിമിനല്‍ അഭിഭാഷകരെയെത്തിച്ചാണ് ബിജു പൗലോസ് പൊലീസ് നീക്കത്തിന് തടയിടുന്നത്. നിരവധി തവണ അയാളെ ചോദ്യം ചെയ്തു.
കഴിഞ്ഞ ദിവസവും ചോദ്യം ചെയ്തു. രേഷ്മയുടെ തിരോധാനത്തിന് പിന്നില്‍ പൊലീസ് ബിജു പൗലോസിനെ ബലമായി സംശയിക്കുമ്‌ബോഴും അറസ്റ്റ് ഉള്‍പ്പെടെ നടപടിയിലേക്ക് കടക്കാന്‍ തക്ക തെളിവ് ശേഖരിക്കാനും രേഷ്മ കൊല്ലപ്പെട്ടെന്ന് ഉറപ്പാക്കാനുള്ള തെളിവും പൊലീസിന്റെ പക്കലില്ല.
അമ്പലത്തറ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ആദ്യം ഗൗനിച്ചിരുന്നില്ല. പിന്നീട് ആദിവാസി സംഘടനകള്‍ പ്രക്ഷോഭവുമായി രംഗത്ത് വന്നതോടെയാണ് പൊലീസ് വീണ്ടും കേസ് പൊടിതട്ടിയെടുത്തത്.
No comments