അശാസ്ത്രീയമായി വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തി വൻതുക പിഴ ഈടാക്കുന്ന നടപടി ഒഴിവാക്കണം ; വെള്ളരിക്കുണ്ട് താലൂക്ക് വികസനസമിതി യോഗം സമാപിച്ചു
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് താലൂക്ക് വികസനസമിതി യോഗം സമാപിച്ചു . ആർ ടി ഓഫീസ് പ്രവർത്തിക്കാൻ മതിയായ സൗകര്യമുള്ള മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനം കഴിഞ്ഞ് രണ്ടു വർഷമായിട്ടും. ആർ ടി ഓഫീസ് ഇന്നും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. അടിയന്തരമായി മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റണമെന്ന് യോഗം ആവശ്യപ്പെട്ടു. ഈ കാര്യം താലൂക്ക് വികസനസമിതി നിരന്തരം ആവശ്യപ്പെട്ടിട്ടും നടക്കാത്തതുകൊണ്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
വന അതിർത്തി പങ്കിടുന്ന താലൂക്കിലെ പഞ്ചായത്തുകളിലെ പന്നി ശല്യം ഉൾപ്പെടെയുള്ള വന്യമൃഗ ശല്യം അനുഭവിക്കുന്ന കർഷകർ അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് നിബന്ധനയ്ക്ക് വിധേയമായി വെടിവയ്ക്കുന്നതിന് ആവശ്യമായ അനുമതി നൽകുന്നതിന് ഗ്രാമപഞ്ചായത്തുകൾ നടപടി സ്വീകരിക്കുന്നതിന് സംബന്ധിച്ച് യോഗം ചർച്ച ചെയ്തു.
വെള്ളരിക്കുണ്ട് ടൗണിൽ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് ബന്ധപ്പെട്ട് പരിശോധന നടത്തി വരുന്നുവെന്ന് ആർടിഒ യോഗത്തിൽ അറിയിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ റെഗുലേറ്ററി കമ്മിറ്റി ചേർന്ന് പാർക്കിംഗ് സംബന്ധമായ പ്രശ്നം പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
വനസംരക്ഷണ രൂപീകരണവും കലക്ടർ ഉൾപ്പെടെ സംയുക്ത ഉദ്യോഗസ്ഥ പരിശോധനയും പൂർത്തീകരിച്ച സ്ഥിതിക്ക് കോട്ടഞ്ചേരി ടൂറിസം പദ്ധതി തൊരുതപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്ലാസ്റ്റിക് നിരോധനമായി ബന്ധപ്പെട്ട് വ്യക്തമായ മൈക്രോൺ എത്രയാണെന്നുള്ള ഉത്തരവില്ലാതെ ഭീമമായ തുക വ്യാപാരികളിൽ നിന്ന് പിഴ ഈടാക്കുന്നു എന്നും അശാസ്ത്രീയമായ കട പരിശോധന ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ MLA ഈ ചന്ദ്രശേഖരൻ,തഹസിൽദാർ പി വി മുരളി, കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ, വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിസി ഇസ്മായിൽ, ടിപി തമ്പാൻ, ബാബു കോഹിനൂർ, എൻ പുഷ്പരാജൻ, നന്ദകുമാർ പി ടി, പ്രിൻസ് ജോസഫ്, ആൻഡക്സ് ജോസഫ്, രാഘവൻ കുലേരി എന്നിവരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
No comments