Breaking News

കണ്ണൂരിലെത്തിയ സവാദ് മരപ്പണി പഠിച്ചു, ഒളിവിലിരിക്കെ കാസർകോട് നിന്ന് വിവാഹം; പിടിവീണത് വീട് മാറാൻ പോകുന്നതിനിടെ




കണ്ണൂർ: മതനിന്ദ ആരോപിച്ച് അധ്യാപകന്‍റെ കൈവെട്ടിമാറ്റിയ കേസിലെ ഒന്നാം പ്രതി സവാദ് കഴിഞ്ഞ ഒരു വർഷത്തിലധികമായി താമസിച്ചത് കണ്ണൂർ മട്ടന്നൂർ ബേരത്തെ വാടകവീട്ടിൽ. ഇവിടെ ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പമാണ് സവാദ് കഴിഞ്ഞത്. ഷാജഹാൻ എന്ന കളളപ്പേരിൽ മരപ്പണിക്കാരനായിട്ടായിരുന്നു ജീവിതം. എന്നാൽ നാട്ടുകാരുമായി സവാദ് അടുത്തിടപഴകിയിരുന്നില്ല. ഇന്നലെ അർധരാത്രിയാണ് പത്തിലധികം എൻഐഎ ഉദ്യോഗസ്ഥർ വീട്ടിലെത്തി സവാദിനെ പിടികൂടിയത്. ഇതിന്റെ ഞെട്ടലിലാണ് നാട്ടുകാർ.

കൈ വെട്ട് കേസിലെ ഒന്നാം പ്രതി സവാദ് തന്നെയാണോ തൊട്ടടുത്ത് താമസിച്ച ഷാജഹാനെന്ന് അയൽക്കാർക്ക് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. എൻഐഎ ഉദ്യോഗസ്ഥർ പുലർച്ചെ സവാദിനെ പിടികൂടി കൊണ്ടുപോയപ്പോഴാണ് അവർ സംഭവം അറിയുന്നത്. മരപ്പണിയായിരുന്നു ബേരത്ത് സവാദിന്. റിയാസ് എന്നയാളുടെ സംഘത്തിൽ പല സ്ഥലങ്ങളിലായി ഇയാൾ പണിയെടുത്തിട്ടുണ്ട്. ഒളിവിലിരിക്കെയാണ് സവാ​ദ് കാസർകോട് നിന്ന് വിവാഹം കഴിച്ചതെന്നാണ് വിവരം. നാല് വയസ്സും ഒൻപത് മാസവും പ്രായമുളള രണ്ട് മക്കളാണ് സവാദിനുള്ളത്.

നേരത്തെ ഇരിട്ടി വിളക്കോടായിരുന്നു താമസമെന്നാണ് സവാദ് നാട്ടുകാരോട് പറഞ്ഞത്. അടുത്ത മാസം വേറൊരു സ്ഥലത്തേക്ക് മാറാനിരിക്കുമ്പോഴാണ് എൻഐഎയുടെ പിടിവീണത്. നാളുകളായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. കണ്ണൂരിലെത്തിയ ശേഷമാണ് മരപ്പണി പഠിച്ചതെന്നാണ് വിവരം. അതേസമയം, അതിനും ഒളിവിൽ താമസിക്കാനുമുൾപ്പെടെ പ്രാദേശിക സഹായം കിട്ടിയെന്ന് വ്യക്തമായിട്ടുണ്ട്. എൻഐഎ അന്വേഷണം ആ വഴിയ്ക്കാണ് നടക്കുന്നത്.

No comments