അക്ഷരങ്ങളുടെ ലോകത്ത് പ്രായം തളർത്താത്ത ആവേശവുമായി 79കാരി സരള മേലാങ്കോട്ട് രണ്ടാമത്തെ പുസ്തകത്തിൻ്റെ പ്രകാശനം ശനിയാഴ്ച കാഞ്ഞങ്ങാട് നടക്കും
കാഞ്ഞങ്ങാട് : വായനയുടേയും എഴുത്തിൻ്റെയും ലോകത്ത് പ്രായം തളർത്താത്ത ആവേശവുമായി ഒരമ്മ.
കാഞ്ഞങ്ങാട് മേലാങ്കോട്ടെ പി.വി സരളയാണ് എഴുപത്തി ഒമ്പതാം വയസിലും കഥകൾ എഴുതി വിസ്മയിപ്പിക്കുന്നത്. ആദ്യ കഥാസമാഹാരമായ സരളമീ കഥകൾ നിള സാഹിത്യ ട്രസ്റ്റാണ് പുറത്തിറക്കിയത്. രണ്ടാമത്തെ കൃതിയായ പലവക എന്ന പേരിലുള്ള കഥാസമാഹാരം ജനുവരി 20 ശനിയാഴ്ച്ച കാഞ്ഞങ്ങാട് വച്ച് പ്രകാശിതമാവുകയാണ്. നമ്മള് കാഞ്ഞങ്ങാട് സൗഹൃദകൂട്ടായ്മയാണ് പ്രകാശന കർമ്മം ഏറ്റെടുത്ത് നടത്തുന്നത്. പ്രിൻ്റ്ഹൗസ് പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന 29 കഥകൾ അടങ്ങിയ പുസ്തകം ശനിയാഴ്ച രാവിലെ 10 മണിക്ക് കാഞ്ഞങ്ങാട് പി.സ്മാരക മന്ദിരത്തിൽ വച്ച് സാഹിത്യകാരൻ ഇ.പി രാജഗോപാലൻ ഡോ. എ.എം ശ്രീധരന് നൽകി പ്രകാശനം ചെയ്യും. ചടങ്ങിൽ കുന്നിൽ മുകളിലെ വായനക്കാരി സതിയേച്ചിയെ ആദരിക്കും.
ചെറുപ്പകാലം മുതൽ കയ്യിൽ കിട്ടുന്ന പുസ്തകങ്ങൾ എല്ലാം വായിക്കുന്ന ശീലമുണ്ടായിരുന്നു ഇവർക്ക്. പ്രമുഖ സാഹിത്യകാരനും നിരൂപകനുമായ പവനൻ അമ്മാവനാണ്. പവനൻ്റെ സൗഹൃദ വലയത്തിലെ എഴുത്തുകാരുടെ ഗൃഹ സന്ദർശനങ്ങൾ സരളയ്ക്ക് പരന്ന വായനയിലേക്ക് വഴി തെളിച്ചു. സ്വദേശമായ കോഴിക്കോട് നിന്നും വിവാഹ ശേഷം കാഞ്ഞങ്ങാടെത്തിയ സരള തൻ്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചതിന് ശേഷം എഴുത്തിൻ്റെ വഴിയിലേക്ക് തിരിഞ്ഞു. സരള മേലാങ്കോട്ട് എന്ന പേരിലാണ് എഴുതുന്നത്.
ദിവസവും വായിക്കുന്ന പത്രങ്ങളിൽ നിന്നോ വീക്കിലികളിൽ നിന്നോ തനിക്ക് കഥ എഴുതാനുള്ള സ്പാർക്ക് ലഭിക്കാറുണ്ടെന്ന് സരളമ്മ പറഞ്ഞു.
ഇഷ്ടപ്പെട്ട എഴുത്തുകാരൻ വി.കെ.എൻ ആണെങ്കിലും കവികളിൽ കുമാരനാശാനും വള്ളത്തോളുമാണ് പ്രിയം. എം.ടിയുടേയും സേതുവിൻ്റെയും നോവലുകളും ഇഷ്ടമാണ്.
ആകാശവാണിയിൽ സരള മേലാങ്കോടിൻ്റെ കഥകൾ അവരുടെ തന്നെ ശബ്ദത്തിൽ പ്രക്ഷേപണം ചെയ്ത് വരാറുണ്ട്. ഇപ്പോൾ വീട്ടിൽ ഇരുന്ന് റെക്കോഡ് ചെയ്താണ് ആകാശവാണിക്ക് ചെറുകഥകൾ അയക്കുന്നത്.
പരേതനായ കെ.എം ബാലകൃഷ്ണൻ നായരാണ് ഭർത്താവ്' മക്കളായ ഡോ.ഉണ്ണികൃഷ്ണൻ പത്മിനി ജയകൃഷ്ണൻ ഗോപീകൃഷ്ണൻ എന്നിവർ അമ്മയുടെ എഴുത്ത് വഴികൾക്ക് എല്ലാവിധ പിന്തുണയും നൽകുന്നുണ്ട്.
No comments