മൂവാറ്റുപുഴ കൊന്നക്കാട് കെ എസ് ആർ ടി സി ബസ് നിർത്തലാക്കാനുള്ള തീരുമാനം പുന:പരിശോധിക്കണം ; കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ്.
വെള്ളരിക്കുണ്ട് : വർഷങ്ങളായി സർവീസ് നടത്തുന്ന മൂവാറ്റുപുഴ ഡിപ്പോയുടെ കൊന്നക്കാട് പാലാ സർവീസ് ചെറുപുഴ വരെയാക്കി വെട്ടി ചുരുക്കാനുള്ള നീക്കം മലയോര ജനതയോടുള്ള അവഗണനയാണെന്ന് കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ്. കാസറഗോഡ് ജില്ലയുടെ കിഴക്കൻ മലയോരത്ത് നിന്നും തിരിവിതാം കൂറിലേക്ക് നിലവിൽ സർവീസ് നടത്തുന്ന ഏക ബസ് ആണിത്. വെളുപ്പിനെ 5.10 നു കൊന്നക്കാട് നിന്നും പുറപ്പോടുന്ന ബസ് മാലോം, വെള്ളരിക്കുണ്ട്,ഭീമനടി,ചിറ്റാരിക്കൽ ചെറുപുഴ, ആലക്കോട് വഴി രാവിലേ 8 മണിക്ക് കണ്ണൂരും,11 മണിക്ക് കോഴിക്കോടും എത്തുന്ന രീതിയിൽ ആയിരുന്നു സർവീസ് നടത്തിയത്. വിദ്യാർത്ഥികൾക്കും, പരീക്ഷ എഴുതാൻ കോഴിക്കോട് പോകുന്ന കുട്ടികൾക്കും, തലശേരി, കോഴിക്കോട് ഭാഗത്തേക്ക് ആശുപത്രിയിൽ പോകുന്ന രോഗികൾ അടക്കമുള്ളവർക്ക് ഏറെ പ്രയോജനം ഉണ്ടായിരുന്ന സർവീസ് ആണ് ഇപ്പോൾ ചെറുപുഴ വരെ ആക്കി ചുരുക്കുന്നത്. നടപടിക്ക് എതിരെ വകുപ്പ് മന്ത്രിക്ക് പരാതി നൽകുമെന്ന് കെപിസിസി മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ പറഞ്ഞു. കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ശിഹാബ്,യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സുബിത് ചെമ്പകശേരി,ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് സണ്ണി കള്ളുവേലിൽ, ജിജി കുന്നപ്പള്ളി,അമൽ പാറത്താൽ വിൻസെന്റ് കുന്നോല എന്നിവർ സംസാരിച്ചു.
No comments